മില്‍മ പ്രതിസന്ധിയില്‍; വിപണനം ചെയ്യാന്‍ കഴിയുന്നില്ല, നാളെ മുതല്‍ പാല്‍ സംഭരിക്കില്ല

കോഴിക്കോട്: നാളെ മുതല്‍ പാല്‍ സംഭരിക്കില്ലെന്ന് മില്‍മ. സംഭരിക്കുന്നതിന്റെ പകുതി പാല്‍ പോലും വിപണനം ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മലബാറില്‍ മില്‍മ പ്രതിസന്ധിയിലായിരിക്കുന്നത്. മറ്റന്നാള്‍ മുതല്‍ ക്ഷീരസംഘങ്ങള്‍ കുറച്ചുമാത്രം പാല്‍ അയച്ചാല്‍ മതിയെന്ന് മേഖല യൂണിയന്‍ അറിയിച്ചു.

നിലവില്‍ മലബാര്‍ മേഖലയില്‍ ഓരോ ദിവസവും മില്‍മ 6 ലക്ഷം ലിറ്റര്‍ പാലാണ് സംഭരിക്കുന്നത്. എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ വിപണനം 3 ലക്ഷം ലിറ്ററായി കുറഞ്ഞു. പാല്‍ വീടുകളിലും ഫ്‌ലാറ്റുകളിലുമെത്തിച്ചും ലോങ് ലൈഫ് പാല്‍ വിതരണം നടത്തിയും പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. മിച്ചം വരുന്ന പാലിന്റെ ചെറിയൊരളവ് മില്‍മ തിരുവനന്തപുരം യൂണിയന്‍ വാങ്ങിയിരുന്നെങ്കിലും തിരുവനന്തപുരത്തും പ്രതിസന്ധിയിലായിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം വരെ 2 ലക്ഷം ലിറ്റര്‍ പാല്‍ പൊടിയാക്കി മാറ്റിയിരുന്നു. ആലപ്പുഴയില്‍ മില്‍മയുടെ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി കാലഹരണപ്പെട്ടതാണ്. ഇതുമൂലം ഇതര സംസ്ഥാനങ്ങളിലെത്തിച്ചാണ് പൊടിയാക്കി മാറ്റിവന്നത്. ഓരോ ലിറ്റര്‍ പാലിനും 10 രൂപയോളം അധികച്ചെലവാണ് ഇതുമൂലമുണ്ടായത്. തമിഴ്‌നാട് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ കേരളത്തില്‍നിന്നുള്ള പാല്‍ എടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടിട്ടും സഹകരിക്കാന്‍ തമിഴ്‌നാട് തയാറായിട്ടില്ല. കേരളത്തില്‍നിന്നുള്ള വാഹനങ്ങള്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. രാജ്യമൊട്ടാകെ പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം എല്ലാ മില്‍ക്ക് യൂണിയനുകളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു.

ഈ സാഹചര്യത്തിലാണ് നാളെ പാല്‍ സംഭരിക്കില്ലെന്ന് മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ ക്ഷീരസംഘങ്ങളെ അറിയിച്ചിരിക്കുന്നത്. മറ്റന്നാള്‍ മുതല്‍ സംഭരിക്കുന്ന പാലില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ഒരു അറിയിപ്പുവരുന്നതുവരെ കുറച്ചു പാല്‍ മാത്രം സംഭരിച്ച് അയച്ചാല്‍ മതിയെന്നാണ് നിര്‍ദേശം.

കെ.എം.വിജയകുമാരന്‍ മാനേജിങ് ഡയറക്ടര്‍, മലബാര്‍ മേഖലാ കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ – ‘കടുത്ത പ്രതിസന്ധിയിലും ക്ഷീരകര്‍ഷകരെ സംരക്ഷിക്കാന്‍ മില്‍മ ജീവനക്കാരും ഡീലര്‍മാരും കഠിനപ്രയത്‌നം നടത്തുകയാണ്. ക്ഷീരമേഖല മൊത്തം തകര്‍ച്ച നേരിടുകയാണ്. മലബാര്‍ മേഖല യൂണിയന്‍ ക്ഷീരകര്‍ഷകരെ സംരക്ഷിക്കാന്‍ കഴിയുന്നത്ര ശ്രമം തുടരും’.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7