തിരുവനന്തപുരം: ബിവറേജ് ഔട്ട്‌ലെറ്റുകള്‍ പൂട്ടുന്നതില്‍ വൈകിയാണെങ്കിലും തീരുമാനമെടുത്തത് നന്നായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ അതിനെ ദുരഭിമാന പ്രശ്‌നമായാണ് ആദ്യം കണ്ടത്. മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പന പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമാര്‍ഗമെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ലോക്ക് ഡൗണിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി ചെന്നിത്തല പറഞ്ഞു. സാമ്പത്തിക പാക്കേജ് അടിയന്തരമായി നടപ്പാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ജപ്തി നടപടികള്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ക്കും സഹായം നല്‍കണം. സാധാരണക്കാര്‍ക്ക് അടിയന്തര ധനസഹായമായി 1000 രൂപ നല്‍കണം. നെല്ല് സംഭരണത്തിലെ ആശങ്ക പരിഹരിക്കണം. ബജറ്റില്‍ പ്രഖ്യാപിച്ച നികുതിവര്‍ധന നീട്ടിവെക്കണം.
ജനുവരി 30 വരെ കുടിശ്ശിഖ ഇല്ലാത്തവര്‍ക്ക് മാത്രമേ മൊറട്ടോറിയം ആനുകൂല്യം കിട്ടുകയുള്ളു എന്ന നിബന്ധന ഒഴിവാക്കണം. സോഷ്യല്‍മീഡിയയിലെ വ്യാജപ്രചാരണങ്ങള്‍ തടയണം.