പുതിയ കാറോടിച്ച് കൊതി തീര്‍ക്കാന്‍ റോഡിലിറങ്ങി; അടിച്ചു തകര്‍ത്തു, ഒടുവില്‍ കയ്യും കാലും കെട്ടി പൊലീസിനെ ഏല്‍പിച്ചു

കാസര്‍കോട്: ലോക്ക് ഡൗണില്‍ പുതിയ കാറുമായി റോഡിലിറങ്ങിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഫോര്‍ റജിസ്‌ട്രേഷന്‍ വണ്ടിയാണ് എന്നൊന്നും നാട്ടുകാരും നോക്കിയില്ല അടിച്ചു തകര്‍ത്തു.

പുതിയ കാറെടുത്തു, പിന്നാലെയെത്തി ലോക്ഡൗണ്‍. എത്രനാള്‍ അതൊന്ന് ഓടിക്കാതെ കണ്ടുകൊണ്ടിരിക്കും. ഒടുവില്‍ എന്തു വന്നാലും വേണ്ടിയില്ലെന്നു കരുതിയാണ് കാസര്‍കോട് ആലമ്പാടി സ്വദേശി സി.എച്ച്.റിയാസ് കാറെടുത്ത് റോഡിലിറങ്ങിയത്. റോഡിലിറങ്ങിയതിന്റെ കാരണം ‘കാറോടിച്ച് കൊതി തീര്‍ക്കുക’ എന്നതായതിനാല്‍ സത്യവാങ്മൂലമൊന്നും എഴുതി കയ്യില്‍ കരുതിയില്ലെന്നു മാത്രമല്ല, പൊലീസ് കൈകാണിച്ചിട്ടു നിര്‍ത്തിയതുമില്ല.

നിരത്തില്‍ വാഹനങ്ങളൊന്നും ഇല്ലാത്തതിനാല്‍ 100–120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഓട്ടം. തളിപ്പറമ്പിലെത്തി സ്‌റ്റേറ്റ് ഹൈവേയില്‍ കയറിപ്പോള്‍ ഓടിക്കാന്‍ നല്ല റോഡ് കിട്ടിയതിന്റെ ആഹ്ലാദത്തില്‍ ഒരു തടസവും മൈന്‍ഡ് ചെയ്തില്ല. ഒടുവില്‍ ഇരിട്ടി മാലൂരില്‍ വച്ച് നാട്ടുകാര്‍ വാഹനം കുറുകെ ഇട്ട് വഴി തടഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം കൂടുതലുള്ള കാസര്‍കോട്ടുനിന്ന് ഒരാള്‍ വരുന്നതറിഞ്ഞ് നാട്ടുകാര്‍ വഴി തടയാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു. ഒടുവില്‍ കയ്യും കാലും കെട്ടിയിട്ടാണ് റിയാസിനെ പൊലീസിനെ ഏല്‍പിച്ചത്.

ഫോര്‍ റജിസ്‌ട്രേഷന്‍ വണ്ടിയാണ് എന്നൊന്നും നാട്ടുകാരും നോക്കിയില്ല. അടിച്ചു തകര്‍ത്തു. തളിപ്പറമ്പ് പൊലീസിന് റിയാസിനെയും വാഹനവും കൈമാറിയെങ്കിലും വാഹനം കസ്റ്റഡിയില്‍ എടുത്ത ശേഷം ലോക്ഡൗണ്‍ ലംഘിച്ച കുറ്റം ചുമത്തി റിയാസിനെ വിട്ടയച്ചു. നേരത്തെ വാഹനമോഷണക്കേസില്‍ പ്രതിയായിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇയാള്‍ക്കെതിരെ മറ്റു കേസുകളൊന്നും ഇല്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7