മുംബൈ:ഒരു കുടുംബത്തിലെ 25 പേര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായത് തിങ്ങിപ്പാര്‍ക്കുന്ന സാഹചര്യം കാരണമെന്ന് അധികൃതര്‍. മഹാരാഷ്ട്രയിലെ സാംഗ്‌ലിയിലാണ് ഇരുപത്തഞ്ച് പേര്‍ക്ക് കൊറോണാ വൈറസ് ബാധിച്ചത്. തിങ്ങിപ്പാര്‍ക്കുന്നവരായതിനാല്‍ ആണ് രോഗബാധ വേഗത്തില്‍ പകരാനിടയായതെന്ന് അധികൃതര്‍ അറിയിച്ചു. പരസ്പരം ഇടപെടുന്ന സാഹചര്യം കൂടുതലായതിനാലാണ് ഇത്രയും പേര്‍ക്ക് ഒരുമിച്ച് രോഗം പിടിപെട്ടതെന്ന് ജില്ലാ സിവില്‍ സര്‍ജന്‍ ഡോ. സിഎസ് സലൂംഖെ പറഞ്ഞു. കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് രോഗം പിടിപെട്ടിട്ടുള്ളതെന്നും പുറത്തുള്ളവര്‍ക്ക് ഇവരില്‍നിന്ന് പകര്‍ന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
അടുത്തടുത്ത, ഇടുങ്ങിയ വീടുകളില്‍ തിങ്ങിപ്പാര്‍ക്കുന്ന വലിയ കുടുംബത്തിലെ അംഗങ്ങളായതിനാലാണ് ഇവര്‍ക്ക് രോഗബാധയുണ്ടായതെന്നും ജില്ലയില്‍ മറ്റൊരു തരത്തിലും വൈറസിന്റെ സാമൂഹികവ്യാപനമില്ലെന്നും ഇസ്ലാംപുര്‍ ജില്ലാ കളക്ടര്‍ അഭിജിത് ചൗധരി അറിയിച്ചു.
ഒരേ സ്ഥലത്ത് തന്നെ കഴിയുബോള്‍ രോഗബാധയുള്ളയാള്‍ തുമ്മുകയോ ചുമക്കുകയോ ചെയ്യുബോള്‍ പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളിലൂടെ രോഗം പകരാനിടയാകും. കുടുംബത്തിന് പുറത്തുള്ളവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ലെങ്കിലും ഇവരുടെ താമസസ്ഥലത്തിന് ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ രോഗവ്യാപനം ഉണ്ടാകാവുന്ന മേഖലയായി കണ്ട് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചെന്നും കളക്ടര്‍ അറിയിച്ചു.
സൗദിയില്‍നിന്ന് മടങ്ങിയെത്തിയ നാല് കുടുംബാംഗങ്ങള്‍ക്കാണ് മാര്‍ച്ച് 23ന് ആദ്യം രോഗബാധ സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ കുടുംബത്തിലെ രണ്ട് വയസുകാരനുള്‍പ്പെടെ 21 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.