ലോകത്തു കോവിഡ് മരണം 24,071 ആയി. 8215 പേർ ഇറ്റലിയിലും 4365 പേർ സ്പെയിനിലും 3292 പേർ ചൈനയിലും 2234 പേർ ഇറാനിലും 1696 പേർ ഫ്രാൻസിലും 1293 പേർ യുഎസിലും മരണപ്പെട്ടു.
ഇന്ത്യയിൽ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 669 ആയി. വിവിധ സംസ്ഥാന സർക്കാരുകൾ സ്ഥിരീകരിച്ച കണക്കു കൂടി ചേരുമ്പോൾ എണ്ണം 694 ആകും. കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർ (137); തൊട്ടുപിന്നിൽ മഹാരാഷ്ട്ര (125).
11 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജമ്മു കശ്മീരിൽ ഇന്നലെ ആദ്യ മരണം സംഭവിച്ചു. ഗുജറാത്തിൽ 2 പേരും രാജസ്ഥാനിൽ ഒരാളും ഇന്നലെ മരിച്ചു.
മഹാരാഷ്ട്രയിൽ 63 വയസ്സുള്ള സ്ത്രീ മുംബൈ കസ്തൂർബ ആശുപത്രിയിൽ മരിച്ചു. 24ന് നവിമുംബൈയിൽ മരിച്ച 65 വയസ്സുകാരിക്ക് ഇന്നലെയാണു കോവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ സർക്കാരിന്റെ പ്രാദേശിക ക്ലിനിക്കിലെ ഡോക്ടർ, ഭാര്യ, മകൾ എന്നിവർക്കു കോവിഡ് സ്ഥിരീകരിച്ചതോടെ തൊള്ളായിരത്തിലേറെ പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി.