കേരളം പലപ്പോഴും അത്ഭുതങ്ങള്‍ കാണിച്ചിട്ടുള്ളതാണെന്നും കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നാം വിജയിക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒരുമാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടീച്ചര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നമുക്ക് ചെലവഴിക്കാന്‍ കിട്ടുന്ന കാശ് തുലോം പരിമിതമാണ്. കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന നികുതിവിഹിതം പലപ്പോഴും ഒന്നിനും തികയാറില്ല. കേരളത്തിലാണെങ്കില്‍ ഇടതുപക്ഷം ഭരിക്കുമ്പോള്‍ ആ വിഹിതം പലപ്പോഴും നമുക്ക് ലഭിക്കാറില്ല. രാജ്യം ആരോഗ്യമേഖലയില്‍ ചിലവഴിക്കുന്നത് മൊത്തം ജി.ഡി.പിയുടെ ഒരു ശതമാനമാണ്. പിന്നോക്കം നില്‍ക്കുന്നുവെന്ന് നമ്മള്‍ പറയുന്ന ആഫ്രിക്കന്‍ രാജ്യങ്ങള്‍ പോലും അഞ്ചു ശതമാനമാണ് ചിലവഴിക്കുന്നത്. അമേരിക്ക 18 ഉം ബ്രിട്ടണ്‍ 20 ഉം സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ 30 ശതമാനത്തോളമാണ് ചിലവഴിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈ ഒരുശതമാനത്തില്‍ താഴെയുള്ള തുകകൊണ്ട് എങ്ങനെയാണ് ഈ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുക.
എന്നാല്‍ കേരളത്തിലെ രീതികള്‍ അങ്ങനെയല്ല. നാം 1957 മുതല്‍ തുടരുന്ന ചില മെത്തേഡുകളുണ്ട്. അതൊരു പ്രത്യേക പോളിസിയുട ഭാഗമായുള്ളതാണ്. അത് ജനകീയമായിട്ട് കാര്യങ്ങളെ കാണുക എന്നതാണ്. മൊത്തം ജനങ്ങള്‍ക്ക് ഗുണകരമായി കാര്യങ്ങള്‍ ചെയ്യുക. ആദ്യ ഇ.എം.എസ് സര്‍ക്കാരിന്റെ തുടര്‍ച്ചയായാണ് പിന്നീട് വന്ന ഇടത് സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്. അതിന്റെ ഭാഗമായി നമുക്ക് ലഭിക്കുന്ന കാശിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ നമുക്ക് ആര്‍ജിക്കാനായി.
150 രാജ്യങ്ങളിലായി ലക്ഷക്കണക്കിന് ആളുകളെ കൊറോണ ബാധിച്ചിട്ടുണ്ട്. കേരളവും അതീവ ജാഗ്രതയിലാണ്. പക്ഷെ നമ്മള്‍ നേരിടുകയും അതിജീവിക്കുകയും ചെയ്യും.
ടീച്ചറമ്മ വിളികളെ കുറിച്ചുള്ള നിലപാടും ശൈലജ ടീച്ചര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരാള്‍ അമ്മ എന്ന് വിളിച്ചാല്‍ സന്തോഷമേയുള്ളു. താന്‍ കാണുന്നത് അത്ഭുതം കാണിക്കുന്ന അമ്മ എന്ന നിലയിലല്ല. വ്യക്തിപരമായ അത്തരമൊരു കേന്ദ്രീകരണത്തിലേക്ക് പോകുന്നത് ശരിയല്ല എന്നാണ് അഭിപ്രായം. മുഖ്യമന്ത്രി ഞങ്ങള്‍ക്ക് തരുന്ന ഒരു സപ്പോര്‍ട്ട് ഉണ്ട്. അത് പ്രധാനമാണ്. അതിന്റെ ഭാഗമായാണ് മിഷനൊക്കെ കൊണ്ടുപോകുന്നത്. ഒരാള്‍ ഒറ്റക്ക് ചെയ്യുന്നതല്ല. ടീം വര്‍ക്കാണ്. അവരെ താന്‍ തന്റെ കുടുംബമായി കരുതുന്നതായും കെ.കെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.