തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 112 ആയി. ഇപ്പോ കിട്ടിയ വിവരം അനുസരിച്ച് അതില്‍ ആറു പേര്‍ നെഗറ്റീവ് ആണെന്നു വ്യക്തമായി. സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഈ കുറവ് വരും. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 2 പേര്‍ പാലക്കാട് സ്വദേശികളാണ്. 3 എറണാകുളം, 2 പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും വീതമാണ് രോഗം. ഇതില്‍ നാലു പേര്‍ ദുബായില്‍നിന്ന് എത്തിയവരാണ്. ഒരാള്‍ യുകെയില്‍നിന്നും മറ്റൊരാള്‍ ഫ്രാന്‍സില്‍നിന്നും വന്നതാണ്.
മൂന്ന് പേര്‍ക്കു കോണ്‍ടാക്ട് വഴിയാണ് രോഗം ലഭിച്ചത്. തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ ചികില്‍സിയിലുണ്ടായിരുന്ന 2 പേര്‍ രോഗം മാറി ഡിസ്ചാര്‍ജ് ആയി. ആകെ 76,542 ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 76,010 പേര്‍ വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4902 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3465 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 118 പേര്‍ക്ക് വൈറസ് ബാധയുണ്ടായതില്‍ 91 പേര്‍ വിദേശത്തുനിന്നെത്തിയ ഇന്ത്യക്കാരാണ്. 8 വിദേശികള്‍. ബാക്കി 19 പേര്‍ക്ക് കോണ്‍ടാക്ട് മുഖേന വൈറസ് ബാധിച്ചു.
ഇന്നലെ സംസാരിച്ചതില്‍ നിന്നു വ്യത്യസ്തമായ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. ഇന്നലെ ലോക്ക് ഡൗണ്‍ നടപ്പാക്കി. നമ്മള്‍ അതിനു മുന്‍പ് തന്നെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ്. സ്ഥിതി കൂടുതല്‍ ഗൗരവമാകുന്നുവെന്നാണ് ഇതില്‍നിന്നു വ്യക്തമാക്കുന്നത്. സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളിലേക്കു പോകേണ്ടതുണ്ട്. ജനങ്ങള്‍ക്കു ജീവിതം മുന്നോട്ടുകൊണ്ടുപോകേണ്ട സാഹചര്യം ഭദ്രമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോള്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ ഭക്ഷണം, മരുന്ന് എന്നിവയില്‍ കണ്ടറിഞ്ഞുള്ള ഇടപെടലുണ്ടാകും. കേരളത്തില്‍ ആകെയുള്ള പ്രശ്‌നങ്ങള്‍ ഏതെങ്കിലും ഒരു കേന്ദ്രത്തില്‍ ഇരുന്ന് പരിഹരിക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണു വികേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കുന്നത്. കൂടുതല്‍ പേരെ സന്നദ്ധ പ്രവര്‍ത്തനത്തിനായി കണ്ടെത്തും. ആവശ്യത്തിന് അനുസൃതമായി ഇവരെ കണ്ടെത്തും. ഏതെങ്കിലും സംഘടനയുടെ നിറം കാണിക്കാനുള്ള അവസരമായി ഇതിനെ ഉപയോഗിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.