മധ്യപ്രദേശിലെ ഉജ്ജൈനില്‍ എട്ടു വയസ്സുകാരിക്ക് സ്‌കൂളിലെ ശുചിമുറിയില്‍ തുടര്‍ച്ചയായി പീഡനം. സംഭവത്തില്‍ ഉള്‍പ്പെട്ട നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. എന്നാല്‍ ഇവരില്‍ ആരേയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.
ഈ കുട്ടിക്ക് ഒപ്പം പഠിക്കുന്നവരാണ് ഉപദ്രവിച്ചതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ജനുവരി 21നായിരുന്നു ആദ്യപീഡനം. സ്‌കൂളിന്റെ പ്രധാന ഗേറ്റ് കടന്ന് എത്തിയ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന സംഘം അവളെ ശുചിമുറിയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് രണ്ടു പേര്‍ ലൈംഗികമായി ഉപദ്രവിച്ചുവെന്നും മറ്റു രണ്ടു പേര്‍ നോക്കിനിന്നുവെന്നും പെണ്‍കുട്ടി പറയുന്നു. മാര്‍ച്ച് ഒമ്പത് വരെ മൂന്നു തവണ കൂടി തന്നെ ഉപദ്രവിച്ചുവെന്നാണ് പെണ്‍കുട്ടി പറയുന്നത്.
ആദ്യമൊന്നും പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചിരുന്നില്ല. എന്നാല്‍ ശാരീരിക അസ്വസ്ഥത ഉണ്ടായതോടെ അമ്മയെ വിവരം അറിയിച്ചു. അമ്മ സ്‌കൂളിലെത്തി പ്രിന്‍സിപ്പിലിനോട് പരാതി പറഞ്ഞെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നു മാത്രമല്ല, അമ്മയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും െചയ്തു. ഇത്തരമൊരു സംഭവം തന്റെ സ്‌കൂളില്‍ നടക്കില്ലെന്ന് പറഞ്ഞാണ് പ്രിന്‍സിപ്പല്‍ പുറത്താക്കിയതെന്ന് കുട്ടിയുടെ അമ്മ പറയുന്നു.
ഇതോടെ അമ്മ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ആരോപണ വിധേയര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 ഡിബി, പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു. ഫോറന്‍സിക്, പോലീസ് സംഘങ്ങള്‍ തെളിവുകള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണ്. ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.