കാസര്‍കോട്ടെ കൊറോണ ബാധിതന്‍ സിഗരറ്റ് കള്ളക്കടത്ത് പ്രതി : ഇടപാടുകളെ പറ്റി കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: കോഴിക്കോട് വിമാനത്താവളത്തില്‍നിന്നു കടന്നുകളഞ്ഞ കാസര്‍കോട്ടെ കൊറോണ ബാധിതന്‍ സിഗരറ്റ് കള്ളക്കടത്ത് കേസിലെ പ്രതി. 2019 സെപ്റ്റംബറിലാണ് കേസിനാസ്പതമായ സംഭവം. 18,000 രൂപയുടെ വിദേശ സിഗരറ്റാണ് ഇയാളുടെ ബാഗേജില്‍നിന്ന് എയര്‍ കസ്റ്റംസ് പിടിച്ചെടുത്തത്. അന്ന് എയര്‍ കസ്റ്റംസ് പിഴ ഈടാക്കി വിട്ടയക്കുകയായിരുന്നു. ഇയാളുടെ ഇടപാടുകളെ പറ്റി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പ്രത്യേകസംഘം അന്വേഷണം തുടങ്ങി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഇയാള്‍ക്കെതിരെ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. അനുമതിയില്ലാതെ ചെക്ക് ഇന്‍ ബാഗേജ് വിമാനത്താവളത്തിനു പുറത്തു കൊണ്ടുപോയതിന് ഇയാള്‍ക്കു നോട്ടിസ് നല്‍കും.

വിമാനത്താവളത്തിന്റെ ഒന്നാം നിലയിലെ ഇമിഗ്രേഷന്‍ കൗണ്ടറിനടുത്തു വച്ചാണ്, സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഇയാളുടെ പാസ്‌പോര്‍ട്ട് വാങ്ങിവച്ചത്. കസ്റ്റംസ് കൗണ്ടറില്‍ െചന്ന് പാസ്‌പോര്‍ട്ട് വാങ്ങാന്‍ നിര്‍ദശിക്കുകയും ചെയ്തു. ചെക്ക് ഇന്‍ ബാഗേജും ഇയാളെയും വിശദമായി പരിശോധിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. എന്നാല്‍, ചെക്ക് ഇന്‍ ബാഗേജുമായി ഇയാള്‍ നേരെ പുറത്തിറങ്ങുകയായിരുന്നുവെന്നും കസ്റ്റംസ് കൗണ്ടറില്‍ ചെന്നില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനത്താവളത്തിനു പുറത്തിറങ്ങിയശേഷം ഇയാള്‍ നടത്തിയ യാത്രകള്‍ സംശയാസ്പദമാണെന്നതു കൊണ്ടാണു പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കുന്നതെന്നും ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular