പ്ലീസ്.., പ്രധാനമന്ത്രിക്കെതിരായ ട്രോളില്‍നിന്ന് എന്നെ ഒഴിവാക്കണം; ട്രോളര്‍മാര്‍ക്ക് കിടിലന്‍ മുന്നറിയിപ്പുമായി സലീം കുമാര്‍

ജനതാ കര്‍ഫ്യൂവിന് ഏവരും പൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്… നിരവധി പ്രമുഖര്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ട്രോള്‍താരം സലീം കുമാറും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നു.

പ്രധാനമന്ത്രിയുടെ ‘ജനതാ കര്‍ഫ്യു’ പ്രഖ്യാപനം വന്നതിനു ശേഷം ഒരുപാടു ട്രോളുകള്‍ അതേച്ചൊല്ലി ഇറങ്ങുകയുണ്ടായി. അതില്‍ കൂടുതലും എന്റെ മുഖം വച്ചുള്ള ട്രോളുകളാണു കണ്ടത്. മനസാവാചാ എനിക്കതില്‍ ബന്ധമില്ലെങ്കില്‍പോലും എനിക്ക് പശ്ചാത്താപമുണ്ട്. അത്തരം ട്രോളുകളില്‍ നിന്നെന്നെ ഒഴിവാക്കണം. ഇതൊരു അപേക്ഷയാണ്. കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ടു നിങ്ങള്‍ക്കു കിട്ടുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ ഈ രോഗം ബാധിക്കുന്നതു വരെയേയുള്ളു.

വൈറസിന്റെ വ്യാപനം 14 മണിക്കൂര്‍ ‘ജനതാ കര്‍ഫ്യു’ മൂലം ഇല്ലാതാകും. സ്വാഭാവികമായി ചങ്ങല മുറിയും. അങ്ങനെ നോക്കുമ്പോള്‍ രോഗ വ്യാപനം തടയുന്നതിനു വേണ്ടിയുള്ള ഏറ്റവും ഫലപ്രദമായ നടപടിയാണു ‘ജനതാ കര്‍ഫ്യു’. പക്ഷേ, കര്‍ഫ്യു പൂര്‍ണമായാല്‍ മാത്രമേ ഉദ്ദേശിക്കുന്ന പ്രയോജനം ലഭിക്കൂ. ഇനി നാം മുന്നോട്ടു നടക്കേണ്ടതു കൊറോണ വൈറസ് തീര്‍ത്ത അന്ധകാരത്തിലൂടെയാണ്. അവിടെ നമുക്കു കൂട്ടായിട്ടുള്ളതു ജാതിയോ മതമോ രാഷ്ട്രീയമോ അല്ല.

സര്‍ക്കാരും ആരോഗ്യവകുപ്പും ശാസ്ത്രലോകവും നല്‍കുന്ന ചെറുതിരിവെട്ടമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണടകള്‍ നമുക്ക് ഊരി വയ്ക്കാം. അതു ധരിക്കാന്‍ ഇനിയും സമയമുണ്ട്. പ്രധാനമന്ത്രി രണ്ടാമതു പറഞ്ഞ കാര്യമാണ് 5 മണി സമയത്തുള്ള പാത്രം അടി. അതിനെയും വിമര്‍ശിച്ചു ട്രോളുകള്‍ ഞാന്‍ കണ്ടു.

നമുക്കു വേണ്ടി രാപകല്‍ അധ്വാനിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, പൊലീസ്, ശുചീകരണ തൊഴിലാളികള്‍, മാധ്യമങ്ങള്‍… ഇവരെയൊക്കെ സ്മരിച്ചുകൊണ്ട് അഭിവാദനം അര്‍പ്പിക്കുന്നതിലെന്താണു തെറ്റ്? ഭാരതത്തിലെ മുഴുവന്‍ ജനങ്ങളും പാത്രത്തില്‍ തട്ടുന്ന ശബ്ദം സംഗീതമായി പ്രപഞ്ചം മുഴുവന്‍ അലയടിക്കണം.

Similar Articles

Comments

Advertismentspot_img

Most Popular