എറണാകുളത്ത് അഞ്ച് പേര്‍ക്ക് കൂടി കൊറോണ; കേരളത്തില്‍ രോഗബാധിതരുടെ എണ്ണം കൂടുന്നു

കൊച്ചി: കൊച്ചിയില്‍ അഞ്ചുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനൊപ്പം വന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കൊവിഡ് സ്ഥിരീകരിച്ചവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
രോഗം സ്ഥിരീകരിച്ച 5 പേര്‍ക്കും അറുപത് വയസിന് മുകളില്‍ പ്രായമുണ്ട്. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

യുകെയില്‍നിന്നു വന്ന സഞ്ചാരികള്‍ക്കാണു രോഗബാധ സ്ഥിരീകരിച്ചത്. മൂന്നാറില്‍നിന്നാണു വിനോദ സഞ്ചാരികള്‍ കൊച്ചിയിലെത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കൊച്ചിയില്‍ മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 17 പേരുടെ സാംപിളുകളാണു പരിശോധനയ്ക്ക് അയച്ചത്. രോഗമുള്ള അഞ്ചു പേരൊഴികെ മറ്റുള്ളവരുടെ യാത്രാരേഖകളെല്ലാം ശരിയാക്കി നാട്ടിലേക്കു മടങ്ങാനുള്ള സൗകര്യം ഒരുക്കിനല്‍കുമെന്നു മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ച അഞ്ചു പേരെ കൂടാതെ ഇതില്‍ ഒരാളുടെ ഭാര്യയും കൊച്ചിയില്‍ ഐസലേഷനിലാണ്.

വിദേശത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ചാണ് ഇവരെ പിടികൂടി നിരീക്ഷണത്തിലാക്കിയത്. എറണാകുളം ജില്ലയില്‍ ഏതു സാഹചര്യമുണ്ടായാലും അതു നേരിടാന്‍ തയാറാണെന്നും മന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായി സ്വകാര്യ ആശുപത്രികളുടെ യോഗം ഇന്നു ചേര്‍ന്നിരുന്നു. 24 പ്രധാന ആശുപത്രികളുടെ ഉടമസ്ഥരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. 197 ഐസലേഷന്‍ സംവിധാനങ്ങള്‍ സ്വകാര്യ ആശുപത്രികളില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടെ കേരളത്തിലെ രോഗബാധിതരുടെ എണ്ണം 30 ആയി.

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്ഷന്‍ ഓഫിസര്‍ക്ക് താഴെയുള്ള ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരായാല്‍ മതിയാകും. ഓഫീസില്‍ എത്താത്ത ദിവസങ്ങളില്‍ വീട്ടിലിരുന്നു ജോലി ചെയ്യണം. മാര്‍ച്ച് 31 വരെ ശനിയാഴ്ചകളില്‍ അവധിയായിരിക്കും. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല.

ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. മാര്‍ച്ച് 31 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. സര്‍ക്കാര്‍ സര്‍വീസിലുള്ള 70 ശതമാനത്തോളം പേര്‍ക്ക് നിയന്ത്രണം ബാധകമാകും.

രാവിലെ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഹൈസ്‌കൂള്‍, പ്ലസ്‌വണ്‍, പ്ലസ്ടു പരീക്ഷകളും സര്‍വകലാശാല പരീക്ഷകളുമാണ് മാറ്റിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. 8,9 ക്ലാസുകളിലെ പരീക്ഷകള്‍ ഉപേക്ഷിച്ചു.

എംജി സര്‍വകലാശാല ഇന്നു നടക്കേണ്ടിയിരുന്ന പരീക്ഷകളും മാറ്റി. ചോദ്യ പേപ്പര്‍ അയച്ചെങ്കിലും വിതരണം ചെയ്തിട്ടില്ലെന്നു കണ്ടെത്തിയതിനാലാണിത്. നേരത്തെ ഇന്നത്തെ പരീക്ഷകള്‍ മാറ്റേണ്ടെന്നായിരുന്നു തീരുമാനം.

കാലിക്കറ്റ് സര്‍വകലാശാലാ ഇന്നു ഉച്ചകഴിഞ്ഞു നടത്താനിരുന്ന പരീക്ഷകള്‍ ഉള്‍പ്പെടെ എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചതായി റജിസ്ട്രാര്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല ഇന്ന് (20.03.2020) ഉച്ച മുതല്‍ നടക്കാനിരിക്കുന്നതുള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ ഡോ. പി. ജെ. വിന്‍സെന്റ് അറിയിച്ചു.

പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും പരീക്ഷകള്‍ തുടരുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്‍ നിലപാട് തിരുത്തിയത്. സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകള്‍ മാറ്റിയിട്ടും പരീക്ഷകള്‍ മാറ്റാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍വകലാശാല പരീക്ഷകള്‍ മാറ്റണമെന്ന യുജിസി നിര്‍ദേശവും സര്‍ക്കാര്‍ ഇന്നലെ തള്ളിയിരുന്നു. ശേഷിക്കുന്ന പരീക്ഷകള്‍ എപ്പോള്‍ നടത്തണമെന്ന് പിന്നീട് ചര്‍ച്ച ചെയ്തു തീരുമാനിക്കും.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7