മനില: ഫിലിപ്പീന്‍സില്‍ ദുരിതമൊഴിയാതെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. മനില വിമാനത്താവളത്തിലെത്തിയ ഇന്ത്യന്‍ സംഘത്തെ സുരക്ഷാ ഉദ്യോസ്ഥര്‍ പുറത്താക്കി. മനിലയില്‍ നിന്നുള്ള വിമാനങ്ങളെല്ലാം റദ്ദാക്കി. രാജ്യം വിടാന്‍ ഫിലിപ്പീന്‍സ് നല്‍കിയ സമയപരിധി ഇന്നവസാനിക്കും. സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും ഇതുവരെ ഇന്ത്യന്‍ എംബസിയുടെ ഭാഗത്തുനിന്നു യാതൊരു സഹായവും ലഭിച്ചില്ലെന്നും സംഘത്തിലുണ്ടായിരുന്നവര്‍ പറഞ്ഞു.
ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി. ഇറ്റലിയില്‍ ഇന്നലെ മാത്രം 475 പേര്‍ മരിച്ചു. ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. ഇറാനില്‍ മരണം 1135 ആയി. രണ്ട് ലക്ഷത്തിലേറെ പേര്‍ക്കു വൈറസ് ബാധിച്ചു. യുഎസ് കാനഡയുമായുള്ള അതിര്‍ത്തി അടച്ചു. ബ്രിട്ടനില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി. യുഎസ് പാര്‍ലമെന്റിലെ രണ്ടംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് 19 വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലേതിനേക്കാള്‍ ഭയാനകമായ അവസ്ഥയിലാണ് ഇറ്റലി. രാജ്യം മുഴുവന്‍ ക്വാറന്റീനിലാക്കി 10 ദിവസം പിന്നിട്ടിട്ടും വൈറസിന്റെ വ്യാപനം തടയാന്‍ കഴിയുന്നില്ല എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. രാജ്യത്തെ ആരോഗ്യരംഗവും പ്രതിസന്ധിയിലാണ്. 2629 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതുവരെ കോവിഡ് 19 ബാധിച്ചു. ഇറ്റലിക്കൊപ്പം ഇറാനിലും കോവിഡ് ബാധ രൂക്ഷമായി തുടരുകയാണ്.
ഇന്നലെ 147 പേര്‍ മരണത്തിന് കീഴടങ്ങിയതോടെ ഇറാനില്‍ ആകെ മരണസംഖ്യ 1135 ആയി. എന്നാല്‍ ഇതുവരെ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് ആയിട്ടില്ല. ഇറാന്‍ പുതുവര്‍ഷം പ്രമാണിച്ച് മാര്‍ക്കറ്റുകളില്‍ ഇപ്പോഴും ജനത്തിരക്കാണ്. യാത്രകള്‍ക്കും കാര്യമായ നിയന്ത്രണങ്ങളില്ല. യുഎസില്‍ 50 സംസ്ഥാനങ്ങളിലും കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നാണ് കാനഡയുമായുള്ള അതിര്‍ത്തി അടയ്ക്കാന്‍ തീരുമാനിച്ചത്.