തിരുവനന്തപുരം : സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച്, അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ.
അവധിക്കു വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകിട്ട് 6 വരെ പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കും. കേരളം ഒന്നടങ്കം കോവിഡ് 19നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ അവസരത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു നല്‍കുന്ന മെഡിക്കല്‍ സ്‌റ്റോറുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യ രംഗത്ത് ഉണ്ടായ പ്രതിസന്ധി മുതലെടുത്ത് ചില മെഡിക്കല്‍ സ്‌റ്റോറുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ പനി, ചുമ, ജലദോഷം, തൊണ്ടവേദന എന്നീ രോഗങ്ങള്‍ക്ക് മരുന്നു നല്‍കുന്നതായി വ്യാപക പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് നടപടി. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ഇത്തരം വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു