കൊറോണ :പുതിയ ആരോഗ്യനയം , 24 മണിക്കൂറിനുള്ളില്‍ രണ്ടു പരിശോധന രണ്ടും നെഗറ്റീവായാല്‍ മാത്രം ഡിസ്ചാര്‍ജ്ജ്

ന്യൂഡല്‍ഹി: കൊറോണ രാജ്യത്ത് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പുതിയ ആരോഗ്യനയവുമായി കേന്ദ്ര സര്‍ക്കാര്‍. കൊറോണ സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 24 മണിക്കൂറിനുള്ളില്‍ രണ്ടു പരിശോധന നടത്താനും രണ്ടും നെഗറ്റീവായാല്‍ മാത്രം ഡിസ്ചാര്‍ജ്ജ് ചെയ്താല്‍ മതിയെന്നുമാണ് പുതിയ തീരുമാനം. നെഞ്ചിനുള്ള റേഡിയോഗ്രാഫിക് കഌയറന്‍സും വൈറല്‍ കഌയറന്‍സും സാംപിളുകളില്‍ നെഗറ്റീവായി മാറിയാലേ ഡിസ്ചാര്‍ജ്ജ് നടക്കൂ.

അതുപോലെ തന്നെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ പെട്ടയാള്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടയില്‍ ആദ്യ പരിശോധന നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ അവരെയും ഡിസ്ചാര്‍ജ്ജ് ചെയ്യും. എന്നാല്‍ തുടര്‍ന്ന് വരുന്ന 14 ദിവസത്തേക്ക് അവരെ ഡോക്ടറുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ വെയ്ക്കും. രാജ്യത്ത് രോഗികളുടെ എണ്ണം വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം 115 ആയി ഉയര്‍ന്നതോടെയാണ് പുതിയ നയം പ്രഖ്യാപിച്ചത്.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രോഗം സ്ഥിരീകരിച്ചത് 107 കേസുകളാണ്. ശനിയാഴ്ച 84 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ 23 പേര്‍ കൂടിയാണ് പുതിയതായി രോഗികളായത്. മഹാരാഷ്ട്രയാണ് രോഗികളുടെ എണ്ണത്തില്‍ മുന്നിലുള്ളത്. 34 കേസുകളാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. 24 പേരുമായി കേരളം രണ്ടാമതും 13 പേരുമായി യുപി മുന്നാമതും നില്‍ക്കുമ്പോള്‍ രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ച പതിനാലാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.

കൊറോണ ബാധിച്ച് ഇന്ത്യയില്‍ രണ്ടു മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടും മുതിര്‍ന്ന പൗരന്മാരും മറ്റ് രോഗങ്ങള്‍ ഉള്ളവരുമാണ്. രാജ്യത്തുടനീളം 4000 പേര്‍ രോഗികളുമായി വിവിധ രീതിയില്‍ സമ്പര്‍ക്കം പുലര്‍ത്തിയതിന് നിരീക്ഷണത്തിലാണെന്നും മന്ത്രാലയം പറയുന്നു. ശനിയാഴ്ച മഹാരാഷ്ട്രയില്‍ ഒരു മരണം സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായെങ്കിലും ഇയാളുടെ സാമ്പിള്‍ പരിശോധിച്ചത് നെഗറ്റീവായിരുന്നു. കേന്ദ്രത്തിന്റെ പുതിയ ആരോഗ്യനയത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കൃത്യമായ നിര്‍ദേശവും ഇവര്‍ എടുത്തിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ചുള്ള നിരീക്ഷണവും കേന്ദ്ര ആരോഗ്യമന്ത്രാലയം നടത്തുന്നുണ്ട്.

സംസ്ഥാനങ്ങളെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിനായി വന്‍ ബോധവല്‍ക്കരണവും ആസൂത്രണം ചെയ്യുന്നുണ്ട്. സമൂഹത്തില്‍ നിന്നും അകന്ന് നില്‍ക്കല്‍, വീട്ടിലിരുന്ന് ജോലി ചെയ്യല്‍ എന്നിവ ജനങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ബോധവല്‍ക്കരണവും ഐസൊലേഷന്‍ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള വിവരങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുമുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, എയിംസ്, ദേശീയ ദുരന്തനിവരാണ കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം നാളെ വിളിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular