കൊറോണ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; ലംഘിക്കുന്നവര്‍ക്കെതിരെ ഒരുമാസം വരെ തടവ്

തിരുവനന്തപുരം: കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ക്കായി കൊറോണയെ പകര്‍ച്ചവ്യാധി പട്ടികയില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം ഇറങ്ങി. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്ര കടുത്ത നടപടികളും സ്വീകരിക്കാം. തടയുന്നവര്‍ക്കെതിരെ ഒരു മാസം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്താം.

രോഗികളെ കസ്റ്റഡിയിലെടുക്കാനും രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും സാധിക്കും. രോഗാണുസാന്നിധ്യമുള്ള താല്‍ക്കാലിക കെട്ടിടങ്ങള്‍ പൊളിക്കാം. 50 പേരിലേറെ കൂട്ടംകൂടി നില്‍ക്കരുത്. രോഗബാധിതര്‍ പൊതുജനങ്ങളുമായി ഇടപഴകുന്നതും പൊതു സ്ഥലങ്ങളില്‍ എത്തുന്നതും തടയാനും വ്യവസ്ഥയുണ്ട്.

കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരുടെയും അവരുമായി ഇടപഴകുന്നവരുടെയും പട്ടിക തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പിന്റെ ‘ഹോം ഐസലേഷന്‍ പ്രോട്ടോക്കോള്‍/ക്വാറന്റീന്‍’ മാര്‍ഗനിര്‍ദേശങ്ങള്‍ ആളുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.
പലവ്യഞ്ജനം, പച്ചക്കറി ഉള്‍പ്പെടെ പൊതുവിതരണത്തിനുള്ള ഭക്ഷ്യശേഖരത്തെക്കുറിച്ചു സര്‍ക്കാര്‍ കണക്കെടുപ്പു തുടങ്ങി. മുന്‍കരുതലായി ജനം കൂടുതല്‍ വാങ്ങിക്കൂട്ടിയാലും ദൗര്‍ലഭ്യം വരാതിരിക്കാനാണിത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7