കൊല്ലം: ദേവനന്ദയുടേത് അപ്രതീക്ഷിത വീഴ്ചയിലുണ്ടായ മുങ്ങിമരണമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അബദ്ധത്തില്‍ പുഴയില്‍ തെന്നിവീണതാകാം മരണകാരണം. വെള്ളിയാഴ്ച വൈകിട്ടാണ് ഫോറന്‍സിക് പരിശോധനാറിപ്പോര്‍ട്ട് അന്വേഷകസംഘത്തിന് കൈമാറിയത്.
എടുത്തെറിഞ്ഞതാണോ എന്നത് വ്യക്തമല്ല. ഏതു സാഹചര്യത്തിലും അബദ്ധത്തില്‍ വെള്ളത്തില്‍ പതിക്കാം. ഇടതുകവിളില്‍ ചെറിയ പാടുണ്ട്. ഇത് വെള്ളത്തില്‍ വീണപ്പോള്‍ പോറലേറ്റതാകാം. ഇതൊഴിച്ചാല്‍ ശരീരത്തില്‍ മറ്റു പാടുകളില്ല. ബോധപൂര്‍വം ക്ഷതം ഏല്‍പ്പിച്ചതാണോ എന്ന് കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആന്തരികാവയവങ്ങളുടെ പരിശോധനയിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും അസ്വഭാവികത കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എങ്കിലും അന്വേഷണം തുടരും. ദേവനന്ദയുടെ മരണദിവസം സ്ഥലത്തുണ്ടായിരുന്നവരുടെ സാന്നിധ്യം, ഇവരുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ എന്നിവ ശേഖരിക്കും. സ്‌കൂളിലെ അധ്യാപകരുടെ മൊഴി വീണ്ടും എടുക്കും. തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ പ്രൊഫ. കെ ശശികലയുടെ നേതൃത്വത്തിലുള്ള ഫോറന്‍സിക് വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മൂന്നു പേജുകളുണ്ട്. അന്വേഷക ചുമതലയുള്ള കണ്ണനല്ലൂര്‍ സിഐ വിപിന്‍കുമാറിനാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതോടെ ശാസ്ത്രീയപരിശോധനകള്‍ പൂര്‍ത്തിയായി.
മൃതദേഹം അഴുകിത്തുടങ്ങിയപ്പോഴാണ് ഒഴുക്കില്‍പ്പെട്ട് ബണ്ടിന്റെ അപ്പുറത്ത് മുള്ളുവള്ളിയില്‍ കുടുങ്ങിയതെന്ന് ഫോറന്‍സിക് സംഘം നേരത്തെ വിലയിരുത്തിയിരുന്നു. കുടവട്ടൂരിലെ വീട്ടിലും ഒരു വര്‍ഷം മുമ്ബ് ദേവനന്ദ പറയാതെപോയ വഴികളും ഫോറന്‍സിക് സംഘം പരിശോധിച്ചു. നെടുമ്ബന ഇളവൂര്‍ കിഴക്കേകര ധനീഷ് ഭവനില്‍ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകളായ ആറുവയസ്സുകാരി ദേവനന്ദയെ കഴിഞ്ഞ 27നാണ് വീട്ടില്‍നിന്ന് കാണാതായത്. പിറ്റേദിവസം പള്ളിമണ്‍ ആറിന്റെ ഇളവൂര്‍ ഭാഗത്ത് വള്ളികളില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.