വാഷിങ്ടണ്‍: രക്താതിസമ്മര്‍ദം പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് കൊറോണ മൂലമുള്ള മരണത്തിന് സാധ്യത കൂടുതലാണെന്ന് ചൈനീസ് ഡോക്ടര്‍മാര്‍. ചൈനയിലെ വുഹാനില്‍ ആദ്യം വൈറസ് ബാധ തിരിച്ചറിഞ്ഞ ഡോക്ടര്‍മാരാണ് നിലവില്‍ മറ്റു രോഗങ്ങളുള്ളവര്‍ക്ക് വൈറസ് ബാധയുടെ ഫലം മാരകമാകുന്നതായി കണ്ടെത്തിയത്. എന്നാല്‍ എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നത് സ്ഥിരീകരിക്കുന്ന പഠനങ്ങളൊന്നും ഉണ്ടായിട്ടില്ല.
വൈറസ് ബാധിച്ച രോഗികളില്‍ രക്താതിമ്മര്‍ദ്ദം ഉള്ളവരിലാണ് ആരോഗ്യനില ഏറ്റവും ഗുരുതരമായി മാറുന്നതെന്നാണ് നിലവില്‍ ലഭ്യമായ വിവരങ്ങള്‍ വെച്ച് മനസ്സിലാക്കാനാകുന്നതെന്ന് പെക്കിങ് യൂണിയന്‍ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗം തലവന്‍ ഡോ. ഡു ബിന്‍ പറഞ്ഞു.
വുഹാനില്‍ രോഗബാധയുടെ ആദ്യ ഘട്ടത്തില്‍ മരിച്ച 170 പേരില്‍ പകുതിപ്പേര്‍ക്കും രക്താതിസമ്മര്‍ദ്ദം ഉണ്ടായിരുന്നതായാണ് നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇതൊരു ഉയര്‍ന്ന മരണനിരക്കാണെന്ന് ഡോ. ഡു ബിന്‍ പറഞ്ഞു.
ലോകത്താകമാനം 108,000 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതുവരെ അയ്യായിരത്തോളം പേര്‍ മരിച്ചിട്ടുണ്ട്. വൈറസ് ബാധ ഏറ്റവും കൂടുതല്‍ അപകടമുണ്ടാക്കുന്ന വിഭാഗങ്ങളെ തിരിച്ചറിയുകയും കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത് വൈറസ് വ്യാപനവും മരണനിരക്കും കുറയ്ക്കാന്‍ സാഹയിക്കും. അതിനാല്‍ പ്രായംചെന്നവരിലും അമിത രക്തമ്മര്‍ദ്ദം ഉള്ളവരിലും കൂടുതല്‍ ശ്രദ്ധപുലര്‍ത്തണമെന്നും ഡോക്ടര്‍ ഡു ബിന്‍ പറയുന്നു.