ആരു തപസ്സു ചെയ്താലും ഭയക്കുന്ന ഇന്ദ്രനെ പോലെയാണ് ചിലര്‍; ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ‘മീഡിയ മാനിയ’ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിക്കുമോ എന്ന ഭയമാണ് ചിലര്‍ക്കെന്നും ആരു തപസ്സു ചെയ്താലും തന്റെ സ്ഥാനം തട്ടിയെടുക്കാനാണ് ശ്രമമെന്ന് ആശങ്കപ്പെടുന്ന ഇന്ദ്രനെപ്പോലെയാണ് അവരെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കൊറോണ വൈറസ് ബാധ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കാനായി നടത്തിയ പത്രസമ്മേളനത്തിലാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായത് നിര്‍ഭാഗ്യകരമായ പ്രതികരണമാണ്. ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ മറ്റൊരു കാര്യമാണ് ഓര്‍മവരുന്നത്. ഇന്ദ്രനെക്കുറിച്ച് ഒരു വര്‍ത്തമാനമുണ്ട്. ആര് തപസ്സ് ചെയ്താലും ഇന്ദ്രന് ഭയമാണ്. ഇന്ദ്രപദം കൈവശപ്പെടുത്താനായി ശക്തി സമാഹരിക്കാനാണ് തപസ്സെന്നാണ് ഇന്ദ്രന്റെ പേടി. ഏകദേശം ആ ഒരു അവസ്ഥയില്‍ ചില ആളുകള്‍ എത്തിച്ചേര്‍ന്നതായാണ് കാണുന്നത്. കോവിഡ് പ്രശ്‌നം കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ യശ്ശസ്സ് കൂടിപ്പോകുമോ എന്നാണ് ഭയം.

അളുകളെ രോഗത്തിലേയ്ക്ക് തള്ളിവിടുകയാണോ വേണ്ടത്? ഇങ്ങനെയൊരു മഹാമാരി വരുമ്പോള്‍ അതിനു മുന്നില്‍ നമ്മളെല്ലാം ഒത്തൊരുമയോടെ നിന്ന് ആവശ്യമായ ജാഗ്രത പാലിക്കുകയല്ലേ വേണ്ടത്? അപ്പോള്‍ നിങ്ങളേത് പക്ഷമാണ്, ഏത് മുന്നണിയാണ് എന്ന് നോക്കുകയാണോ വേണ്ടത്? ഇതെല്ലാം നോക്കണമെങ്കില്‍ മനുഷ്യന്‍ വേണ്ടേ നാട്ടില്‍? ആ മനുഷ്യന്റെ കൂടെയല്ലേ നമ്മള്‍ നില്‍ക്കേണ്ടത്?

ഈ സാഹചര്യത്തില്‍ 16ന് വിളിച്ചിരിക്കുന്ന സര്‍വകക്ഷി യോഗം നടത്തണമോ എന്ന കാര്യമാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ അത്തമൊരു യോഗം വേണോ വേണ്ടയോ എന്ന കാര്യം എല്ലാവരുമായി ആലോചിക്കാനിരിക്കുകയാണെന്നും പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി കെ. കെ. ശൈലജ ‘മീഡിയ മാനിയ’ ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പറഞ്ഞിരുന്നു. വിമാനത്താവളങ്ങളില്‍ വൈറസ് ബാധ സംബന്ധിച്ച പരിശോധന കാര്യക്ഷമമല്ലെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനു പകരം ദിവസവും നാല് പത്രസമ്മേളനങ്ങള്‍ വീതം നടത്തി പ്രതിച്ഛായ വര്‍ധിപ്പിക്കാനാണ് ശ്രമമെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ വിവിധ കോണുകളില്‍നിന്ന് കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.

Similar Articles

Comments

Advertismentspot_img

Most Popular