ടൂറിന്‍: പ്രമുഖ ഫുട്‌ബോള്‍ താരത്തിനും കൊറോണ സ്ഥിരീകരിച്ചു. ഇറ്റാലിയന്‍ ക്ലബ് യുവെന്റസ് എഫ്!സിയുടെ പ്രതിരോധനിര താരം ഡാനിയേല റുഗാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
കൊറോണ വൈറസ് ബാധ ഏറ്റവുമധികം ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലിയെങ്കിലും, ഒന്നാം നമ്പര്‍ ലീഗായ സെരി എയിലെ താരത്തിന് ഇതാദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ലോക ഫുട്‌ബോളിലെ സൂപ്പര്‍താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള താരങ്ങള്‍ കളിക്കുന്ന ക്ലബ്ബാണ് യുവെന്റസ്. റുഗാനിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ താരത്തെ ഐസലേഷനിലേക്കു മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായി ക്ലബ് അറിയിച്ചു.
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും ഏപ്രില്‍ മൂന്നു വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.
അതേസമയം, താരം ഇതുവരെ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്ന് യുവെന്റസ് പ്രസ്താവനയില്‍ അറിയിച്ചു. എങ്കിലും നിയമം അനുശാസിക്കുന്ന എല്ലാ മുന്‍കരുതല്‍ നടപടികളും കൈക്കൊണ്ടുകഴിഞ്ഞു. താരത്തെ ഐസലേഷനിലേക്കു മാറ്റിയിട്ടുണ്ട്. റുഗാനിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ താരങ്ങളും നിരീക്ഷണത്തിലാണെന്ന് ക്ലബ് വ്യക്തമാക്കി. അതിനിടെ, മൂന്നു ദിവസം മുന്‍പ് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടന്ന യുവെന്റസ് – ഇന്റര്‍ മിലാന്‍ മത്സരത്തിലെ വിജയത്തിനുശേഷം യുവെന്റസ് നടത്തിയ വിജയാഘോഷത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കൊപ്പം റുഗാനിയും പങ്കെടുക്കുന്ന ചിത്രം പുറത്തുവന്നു.
അതേസമയം, തനിക്കു പ്രശ്‌നമൊന്നുമില്ലെന്നും സുഖമായിരിക്കുന്നുവെന്നും റുഗാനി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു. കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഐസലേഷനിലാണ്. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ അഹോരാത്രം പരിശ്രമിക്കുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നന്ദിയറിയിക്കുന്നതായും റുഗാനി വ്യക്തമാക്കി. വൈറസ് പടരുന്നത് തടയാന്‍ എല്ലാവര്‍ക്കും ഒത്തൊരുമിച്ചു ശ്രമിക്കാമെന്നും റുഗാനി ആഹ്വാനം ചെയ്തു.
ഇറ്റലിയില്‍ ഇതുവരെ 827 പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് ബാധിക്കുന്ന ആദ്യ സെരി എ താരമാണ് റുഗാനി. ചൈനയ്ക്കു ശേഷം കൊറോണ വൈറസ് ഏറ്റവുമധികം ബാധിച്ചിരിക്കുന്ന രാജ്യം ഇറ്റലിയാണ്. ഇതുവരെ 12,000ല്‍ അധികം പേര്‍ക്ക് ഇറ്റലിയില്‍ മാത്രം വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിക്കുന്ന ആദ്യ സെരി എ താരമാണെങ്കിലും സെരി സിയിലെ ഒട്ടേറെ താരങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഇടക്കാലത്ത് രണ്ടു വര്‍ഷം വായ്പാടിസ്ഥാനത്തില്‍ എംപോളിക്കായി കളിച്ചിരുന്നെങ്കിലു ഏഴു വര്‍ഷമായി യുവെന്റസിന്റെ താരമാണ് റുഗാനി. ഈ സീസണില്‍ ഇതുവരെ മൂന്ന് ലീഗ് മത്സരങ്ങളില്‍ മാത്രമേ അവസരം ലഭിച്ചുള്ളൂ. അതേസമയം, വിവിധ ടൂര്‍ണമെന്റുകളിലായി ഏഴു മത്സരങ്ങളില്‍ കളിച്ചു. സെരി എയില്‍ ഫെബ്രുവരി! 16ന് ബ്രേസിയ, 22ന് സ്പാല്‍ എന്നിവര്‍ക്കെതിരെ നടന്ന കളികളിലാണ് ഏറ്റവും ഒടുവില്‍ കളിച്ചത്. ഫെബ്രുവരി 26ന് ലിയോണിനെതിരെ നടന്ന ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ പകരക്കാരുടെ ബെഞ്ചിലായിരുന്നു. സെരി എയില്‍ മാര്‍ച്ച് എട്ടിന് ഇന്റര്‍ മിലാനെതിരെ നടന്ന കളിയിലും കളത്തിലിറങ്ങിയില്ല.