തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ബിവറേജസ് ഔട്‌ലെറ്റുകള്‍ അടച്ചുപൂട്ടുന്നതായുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് കോര്‍പറേഷന്‍. ഇത്തരത്തില്‍ ഒരു നിര്‍ദേശവും സര്‍ക്കാരില്‍നിന്ന് ലഭിച്ചിട്ടില്ലെന്ന് കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പനശാലകള്‍ മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനിച്ചതായുള്ള തെറ്റായ വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ യാതൊരുവിധ ഔദ്യോഗിക തീരുമാനവും എടുത്തിട്ടില്ലെന്നും വാര്‍ത്ത തെറ്റാണെന്നും ബിവറേജസ് കോര്‍പറേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഇത്തരം തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോര്‍പറേഷന്‍ വ്യക്തമാക്കി.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ ഒരു ഔട്‌ലെറ്റ് പൂട്ടിയിരുന്നു. ഇതല്ലാതെ കേരളത്തില്‍ മറ്റൊരു ഔട്‌ലെറ്റും പൂട്ടുന്നതിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ബിവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ തിയേറ്ററുകളും അടക്കം മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിവറേജസ് കോര്‍പറേഷന്‍ ഔട്‌ലെറ്റുകള്‍ അടച്ചിടുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.