കൊറോണ വൈറസ് രോഗബാധ (കൊവിഡ്19) നൂറോളം രാജ്യങ്ങളിലേക്ക് വ്യാപിച്ചതോടെ മരണനിരക്ക് ഉയരുന്നു. ചൈനയില്‍ ഇന്ന് 17 മരണങ്ങള്‍ കൂടി നടന്നതോടെ ആഗോളതലത്തില്‍ 4,011 പേര്‍ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 110,000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇന്ത്യയില്‍ നാലു പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ടയില്‍ രണ്ടും പൂനെയില്‍ രണ്ടുമാണ്. പത്തനംതിട്ടയില്‍ നേരത്തെ അഞ്ചു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഏഴൂ പേരായി. ദുബായ് യാത്ര കഴിഞ്ഞെത്തിയവരാണിവര്‍. ഇതോടെ രോഗബാധിതരുടെ എണ്ണം 46 ആയി. ഇറാനില്‍ കുടുങ്ങിക്കിടന്ന 58 പേരെ വ്യോമസേന ഒഴിപ്പിച്ചു. ഗാസിയാബാദിലെ വ്യോമസേന കേന്ദ്രത്തിലാണ് ഇവരെ എത്തിച്ചത്. കൊറോണ വൈറസ് പരിശോധന നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതോടെയാണ് ഇവരെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നത്. ഇവരെ 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കും. ഇവരുടെ സ്രവസാംപിളുകള്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ കൊണ്ടുവന്ന് പരിശോധിച്ചിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഖത്തറില്‍ പ്രവേശനം നിഷേധിച്ചിട്ടുണ്ട്. ഇന്‍ഡിഗോ,എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ദോഹയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഇന്ത്യന്‍ വെല്‍സ് ടെന്നീസ് ടൂര്‍ണമെന്റ് ഉപേക്ഷിച്ചു.
രാജ്യത്ത് ആദ്യമായി കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ എച്ച്‌ഐവിക്കെതിരെ നല്‍കുന്ന മരുന്ന് പ്രയോഗിച്ചു. ഇറ്റാലിയന്‍ ദമ്പതികള്‍ക്കാണ് മരുന്ന് നല്‍കിയത്. ജയ്പൂര്‍ സന്ദര്‍ശനത്തിന് എത്തിയ ഇവരില്‍ കൊറോണ കണ്ടെത്തുകയായിരുന്നു. ഇവരില്‍ ഈ മരുന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. ചൈനയിലും സമാനമായ മരുന്നാണ് പ്രയോഗിച്ചത്. ഇവയ്ക്ക് ചില പാര്‍ശ്വഫലങ്ങള്‍ ഉള്ളതനാല്‍ രോഗിയുടെ സമ്മതത്തോടെയാണ് മരുന്ന് നല്‍കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.