കുവൈത്ത് സിറ്റി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കുവൈത്തിലേക്കുള്ള വിസ അനുവദിക്കുന്നത് നിര്‍ത്തി വച്ചു. മാര്‍ച്ച് 26 വരെ മുഴുവന്‍ വിദ്യാലയങ്ങളും അടച്ചു. രാജ്യത്തെ എല്ലാ സിനിമാ തിയറ്ററുകളും, ഹോട്ടല്‍ ഹാളുകളും അടച്ചിടാനും വിവാഹച്ചടങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കാനും നിര്‍ദേശം നല്‍കി.
രാജ്യത്ത് കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ചേര്‍ന്ന അടിയന്തിര മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം അനുനിമിഷം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കര്‍ശന പ്രതിരോധ നടപടികള്‍ക്ക് സര്‍ക്കാര്‍ നീക്കം.
സിനിമ തിയറ്ററുകളും, ഹോട്ടല്‍ ഹാളുകളും, വിവാഹ ഓഡിറ്റോറിയങ്ങളും അടച്ചിടാനാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ജനങ്ങള്‍ ഒത്തുചേരുന്നത് ഒഴിവാക്കാന്‍ തിയറ്ററുകളും ഹാളുകളും അടച്ചിടാനാണ് നിര്‍ദേശം.
ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം ഇത് വരെയായി 65 പേര്‍ക്കാണു രോഗ ബാധ സ്ഥിരീകരിച്ചിരിച്ചത്. കൂടാതെ കുവൈത്തില്‍ ഒരു വിദേശിക്ക് കൊറോണ വൈറസ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തു. അസര്‍ ബൈജാനില്‍ നിന്നുമെത്തിയ ഈജിപ്തുകാരനിലാണ് രോഗബാധ കണ്ടെത്തിയത്.
ഇതോടെ വ്യാപക നിരീക്ഷണം രാജ്യത്തുടനീളം നടപ്പിലാക്കുന്നതിനും കടുത്ത നടപടികള്‍ക്കും സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
ആളുകള്‍ കൂട്ടം കൂടുന്ന ആഘോഷ പരിപാടികളെല്ലാം റദ്ദാക്കുന്നതിനും നിര്‍ദേശിച്ചു. വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആഘോഷങ്ങളും മാറ്റിവക്കുന്നതിനും, ജനങ്ങള്‍ ഒത്തുചേരുന്നത് ഒഴിവാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കുട്ടികളും അദ്ധ്യാപകരും ഒത്തു ചേരുന്നത് ഒഴിവാക്കുന്നതിനായിട്ടാണ് വിദ്യാഭ്യസ സ്ഥാപനങ്ങള്‍ രണ്ടാഴ്ച കൂടി അടച്ചിടാന്‍ തീരുമാനിച്ചത്.
അതേ സമയം പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് സബാഹിന്റെ നിര്‍ദേശ പ്രകാരം കുവൈത്ത് അന്താരാഷ്ട്ര വിമാന താവളത്തില്‍ അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.
രാജ്യത്തേക്ക് വരുന്ന യാത്രക്കാരെ വിമാനത്താവളത്തില്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നതിനാണ് തീരുമാനം. എന്നാല്‍ കുവൈത്തിലെത്തുന്ന വിദേശികള്‍ 72 മണിക്കൂറിനുള്ളില്‍ കൂടുതലുള്ള പരിശോധനക്ക് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് പിഴയും തടവും ശിക്ഷ ലഭിക്കും.
അതേസമയം കുവൈത്ത് ഓയില്‍ കമ്പനി ഉള്‍പ്പെടെ സ്വകാര്യ കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന ജീവനക്കാരോട് വീടുകളില്‍ രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു.
മലയാളികള്‍ തിങ്ങി വസിക്കുന്ന അബ്ബാസിയയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഓഡിറ്റോറിയങ്ങള്‍ ആളില്ലാതെ അടഞ്ഞു കിടക്കുകയാണ്. പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും നൂറു കണക്കിന് മലയാളി സംഘടനകളുടെ വാരാന്ത്യ ഒത്തു ചേരലുകള്‍ക്കും ഉപയോഗിച്ചിരുന്ന ഹാളുകളാണ് അടഞ്ഞു കിടക്കുന്നത്. ഹോട്ടല്‍ കച്ചവടവും ഏതാണ്ട് വലിയ ഇടിവ് നേരിടുകയാണ്. കച്ചവട കേന്ദ്രങ്ങളിലും തിരക്ക് ഒഴിഞ്ഞ അവസ്ഥയിലാണ്.