തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് പേര്‍ക്കു കൂടി കോവി!ഡ്–19 വൈറസ് ബാധ സ്ഥിരീകരിച്ചത് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം കേള്‍ക്കാത്തതിന്റെ ഫലമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇറ്റലിയില്‍ നിന്നും എത്തിയവര്‍ വന്ന ശേഷം വിമാനത്താവളത്തില്‍ റിപ്പോര്‍ട്ട് ചെയ്തില്ല. ബന്ധുവീട്ടില്‍ വന്ന രണ്ടു പേര്‍ പനിയായി ആശുപത്രിയില്‍ വന്നപ്പോഴാണ് ഇറ്റലിയില്‍ നിന്നും വന്നവരുണ്ടെന്ന് അറിഞ്ഞത്. ഉടന്‍ തന്നെ അവരോട് ആശുപത്രിയിലേക്ക് അടിയന്തരമായി മാറാന്‍ ആവശ്യപ്പെട്ടു. ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം അവഗണിക്കുകയാണുണ്ടായത്. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ നിര്‍ബന്ധപൂര്‍വം ഇവരെ നിരീക്ഷണത്തിലാക്കി സാംപിളെടുത്തു പരിശോധിച്ചപ്പോഴാണു ഫലം പോസിറ്റീവാണെന്ന് അറിഞ്ഞത്.
ആരോഗ്യ വകുപ്പ് നേരത്തേ ജാഗ്രത നിര്‍ദേശം നല്‍കിയതാണ്. കോവിഡ് 19 രോഗ ബാധിത പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. അതവര്‍ കേള്‍ക്കാത്തതിന്റെ ഫലമാണിത്. പോസിറ്റീവ് കേസാണെന്ന് അറിഞ്ഞയുടന്‍ പത്തനംതിട്ട ജില്ല കലക്ടറും ജില്ല മെഡിക്കല്‍ ഓഫിസറും ശക്തമായ നടപടി സ്വീകരിച്ചു. ഇന്നലെ അര്‍ധ രാത്രിയില്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തു. ഇന്നു വൈകുന്നേരത്തോടെ ഇവര്‍ പോയ സ്ഥലങ്ങളും ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട ആളുകളേയും കണ്ടെത്താന്‍ കഴിയും– ആരോഗ്യമന്ത്രി തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഫെബ്രുവരി 29ന് ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്കു മടങ്ങിയെത്തിയ പത്തനംതിട്ട ജില്ലയിലെ 3 പേര്‍ക്കും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 2 പേര്‍ക്കുമാണ് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. QR 126 വെനിസ്‌ദോഹ ഫ്‌ലൈറ്റിലോ QR 514 ദോഹകൊച്ചി ഫ്‌ലൈറ്റിലോ യാത്ര ചെയ്ത എല്ലാ വ്യക്തികളും അതതു ജില്ലകളിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ടതാണ്. പോസിറ്റീവ് കേസുകളുടെ കോണ്‍ടാക്റ്റ് ട്രെയ്‌സിംഗ് പുരോഗമിക്കുന്നു. ഇത് ഞായറാഴ്ച വൈകിട്ടോടെ പൂര്‍ത്തിയാകും.
കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം. അല്ലെങ്കില്‍ കുറ്റകരമായി കണക്കാക്കും. അയല്‍പക്കക്കാരും അറിയിക്കാന്‍ ശ്രദ്ധിക്കണം. സമൂഹമാകെ ശ്രദ്ധിക്കേണ്ടതാണ്. വിദേശത്തു നിന്നും വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം വീട്ടിലെ നിരീക്ഷണത്തില്‍ കഴിയണം. ശക്തമായ നിരീക്ഷണം നടത്താനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.