പത്തനംതിട്ട ജില്ലയില്‍ കനത്ത ജാഗ്രത… പൊതുപരിപാടികള്‍ റദ്ദാക്കും..രോഗികള്‍ നടത്തിയ എല്ലാ യാത്രകളും പരിശോധിക്കും

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കനത്ത ജാഗ്രത. അഞ്ചു പേര്‍ക്ക് കോവിഡ്–19 സ്ഥിരീകരിച്ചതോടെയാണ് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജില്ലയിലെ പൊതുപരിപാടികള്‍ റദ്ദാക്കും. മതമേലധ്യക്ഷന്മാരും നേതാക്കളും കലക്ടറുമായി ചര്‍ച്ച നടത്തി. രോഗം സ്ഥിരീകരിച്ചവര്‍ ഇതുവരെ നടത്തിയ എല്ലാ യാത്രകളും പരിശോധിക്കുമെന്നു ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. ഇവര്‍ ബന്ധപ്പെട്ടവരുടെ പട്ടിക വൈകിട്ടോടെ തയാറാക്കും. ഇതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റും. ഭീതി വേണ്ടെന്നും ജാഗ്രതയും കരുതലുമാണ് വേണ്ടതെന്നും പി.ബി. നൂഹ് പറഞ്ഞു. അതേസമയം, കോവിഡ് 19 ബാധിച്ച അഞ്ചുപേരുടെയും നില തൃപ്തികരമെന്ന് പത്തനംതിട്ട ഡിഎംഒ അറിയിച്ചു.

ഇറ്റലിയില്‍ നിന്നെത്തിയ റാന്നി സ്വദേശിക്കും ബന്ധുക്കള്‍ക്കുമുള്‍പ്പെടെ 5 പേര്‍ക്കാണ് പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കുടുംബത്തിലെ പിതാവ്, മാതാവ്, മകന്‍ എന്നിവര്‍ക്കും പിതാവിന്റെ സഹോദരനും ഭാര്യയ്ക്കുമാണു രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നെത്തിയ ആളുടെ സഹോദരനും ഭാര്യയും റാന്നി സര്‍ക്കാര്‍ ആശുപത്രിയില്‍ പനിയെ തുടര്‍ന്നു ചികില്‍സ തേടിയതോടെയാണു വിവരം പുറത്ത് അറിഞ്ഞത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചപ്പോള്‍ സഹോദരനും കുടുംബവും ഇറ്റലിയില്‍ നിന്നു നാട്ടിലെത്തിയ വിവരം ഇവര്‍ അറിയിച്ചു.

ഇതേത്തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഇറ്റലിയില്‍ നിന്നുള്ള കുടുംബത്തെ വീട്ടില്‍ സന്ദര്‍ശിച്ചു. ചികിത്സയ്ക്കു വിധേയമാകണമെന്നു നിര്‍ദേശിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് നിര്‍ബന്ധപൂര്‍വം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ മാധ്യമങ്ങളോടു പറഞ്ഞു. ഇവരുടെ പ്രായമായ മാതാപിതാക്കള്‍ക്കും പനിയുണ്ട്. ഇവരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ആംബുലന്‍സില്‍ എത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരുടെ വീട്ടിലെത്തി പ്രായമായ മാതാപിതാക്കളോടു രോഗത്തിന്റെ വിവരം അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പോകാന്‍ തയാറായി. ഇതില്‍ മാതാവിനു കടുത്ത പനിയുണ്ട്.

പ്രായമായ ദമ്പതികളെ ആശുപത്രിയിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആകെയുണ്ടായിരുന്നത് മാസ്‌ക് മാത്രമായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ മാത്രമാണു വീട്ടിനുള്ളിലേക്കു കടന്നത്. പ്രായമായ ദമ്പതികള്‍ക്ക് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണം എത്തിച്ചു നല്‍കി. ഇറ്റലിയില്‍ നിന്നുള്ള കുടുംബം 15 വര്‍ഷമായി അവിടെ സ്ഥിര താമസമാണ്. കഴിഞ്ഞ 29ന് ആണ് നാട്ടിലെത്തിയത്. അവധിക്കു നാട്ടിലെത്തിയ ഇവര്‍ ബന്ധുവീടുകളില്‍ പലയിടത്തും സന്ദര്‍ശനം നടത്തിയിരുന്നു. ഇറ്റലിയില്‍ നിന്നുള്ള ദമ്പതിമാരില്‍ ഭാര്യ കഴിഞ്ഞ ദിവസം റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ പനിക്കു ചികിത്സ തേടിയതായും വിവരമുണ്ട്. ഇവരുമായി ബന്ധപ്പെട്ടവരെയും ഇവര്‍ സന്ദര്‍ശിച്ച വീടുകളും കണ്ടുപിടിക്കാന്‍ 7 സംഘങ്ങളെ ആരോഗ്യ വകുപ്പ് നിയോഗിച്ചു. അതേസമയം സുരക്ഷയ്ക്കാവശ്യമായ മാസ്‌കുള്‍പ്പെടെയുള്ള വസ്തുക്കള്‍ ജില്ലയില്‍ ലഭ്യമല്ലെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7