കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു പ്രളയത്തിന്റെ പേരിൽ പണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയായ സിപിഎം നേതാവിനെ കണ്ടെത്താനാകാതെ അന്വേഷണ സംഘം. കേസിൽ നാലു പ്രതികൾ പിടിയിലായെങ്കിലും സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം.അൻവർ ക്രൈംബ്രാഞ്ചിനെ വെട്ടിച്ച് ഒളിവിൽ തുടരുകയാണ്. അറസ്റ്റിലായ മറ്റു മൂന്നു പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.
കലക്ടറേറ്റ് ജീവനക്കാരനായ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയിലെ പ്രധാന കണ്ണിയാണ് സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം.അൻവർ. പത്തര ലക്ഷത്തോളം രൂപയാണ് പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് അനർഹമായി അൻവറിന് കിട്ടിയത്. തട്ടിപ്പ് പുറത്തറിഞ്ഞതിനു പിന്നാലെ ഒളിവിൽ പോയ അൻവറിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു.
പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടെങ്കിലും ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കളുടെ സംരക്ഷണയിലാണ് അൻവറെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മറ്റൊരു ലോക്കൽ കമ്മിറ്റിയംഗം എൻ.എൻ.നിഥിൻ, ഭാര്യ ഷിന്റു എന്നിവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പ്രളയം ബാധിക്കാത്ത നിഥിന് രണ്ടര ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് കിട്ടിയത്.
കേസിലെ രണ്ടാം പ്രതി ബി.മഹേഷും കഴിഞ്ഞ ദിവസം രാത്രിയോടെ പൊലീസിനു മുന്നിൽ കീഴടങ്ങിയിരുന്നു. ഒന്നാം പ്രതിയായ കലക്ടറേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദിന്റെ ബെനാമിയാണ് മഹേഷ്. പ്രളയ ഫണ്ട് തട്ടിപ്പിലൂടെ കിട്ടിയ പണമുപയോഗിച്ച് തമിഴ്നാട്ടിലെ പൊളളാച്ചിയിൽ കോഴിഫാം നടത്തിവരികയായിരുന്നു മഹേഷ്. തട്ടിപ്പിലെ മുഖ്യ ഇടനിലക്കാരനും മഹേഷായിരുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.