കോവിഡ്: 4 രാജ്യങ്ങളിൽ നിന്നുള്ള വിസ ഇന്ത്യ റദ്ദാക്കി

രാജ്യത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ചതിനു പിന്നാലെ നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ. ചൈനയ്ക്കു പുറത്തു കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള, ഇതുവരെ രാജ്യത്തു പ്രവേശിക്കാത്തവർക്കു മാർച്ച് 3 വരെ നൽകിയ വിസ റദ്ദാക്കി. ഇ–വിസകളും റദ്ദാക്കിയവയിൽ ഉൾപ്പെടും.

ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവടങ്ങളിൽ നിന്നുള്ളവർക്ക് ഇന്നു വരെ നൽകിയ വീസ ഓൺ അറൈവലും നിർത്തി. വ്യക്തമായ കാരണങ്ങളോടെ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ അതതു രാജ്യങ്ങളിലെ ഇന്ത്യൻ എംബസിയേയോ കോൺസുലേറ്റിനേയോ സമീപിക്കണമെന്ന് അധികൃതർ അറിയിച്ചു. ചൈനയിലേക്കും ഇറാനിലേക്കുമുള്ള ഇ–വീസ റദ്ദാക്കിയതു ഉൾപ്പെടെ നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും തുടരും.

ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്ക് യാത്രാ പശ്ചാത്തലമുള്ള മറ്റു രാജ്യക്കാർക്കുള്ള വീസകളും റദ്ദാക്കും. നയതന്ത്ര ഉദ്യോഗസ്ഥർ, യുഎൻ, മറ്റു രാജ്യാന്തര സംഘടനകൾ, ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡ് ഉടമകൾ, വിമാനക്രൂ അംഗങ്ങൾ എന്നിവരെ യാത്ര നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും ഇവർ കർശനമായ വൈദ്യപരിശോധനയ്ക്കു വിധേയരാകണം. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യങ്ങളിലേക്കു അത്യാവശ്യമില്ലാത്ത യാത്രകൾ ഇന്ത്യക്കാരും ഒഴിവാക്കണം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7