രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് തോല്‍വി: പരമ്പര കിവീസ് സ്വന്തമാക്കി

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് തോല്‍വി. മൂന്നാം ദിവസം തന്നെ മത്സരത്തിന് ഫലമായി. രണ്ടാം ഇന്നിങ്‌സില്‍ 132 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 2-0 ന് കിവീസ് സ്വന്തമാക്കി. ആദ്യ ടെസ്റ്റില്‍ കിവീസ് 10 വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. സ്‌കോര്‍: ഇന്ത്യ242, 124. ന്യൂസിലന്‍ഡ് 235, 132/3.

രണ്ടാം ഇന്നിങ്‌സില്‍ ടോം ലാതം( 74 പന്തില്‍ 52 റണ്‍സ്),ടോം ബ്ലന്‍ഡല്‍(113 പന്തില്‍ 55 റണ്‍സ്) എന്നിവരാണ് കിവീസിന്റെ വിജയശില്‍പികളായത്. 132 റണ്‍സ് വിജയലക്ഷ്യമായിറങ്ങിയ കിവീസിന് ഇരുവരും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. സ്‌കോര്‍ 103 ല്‍ എത്തി നില്‍ക്കെയാണ് കിവീസിന് ടോം ലാതത്തിന്റെ വിക്കറ്റ് നഷ്ടമായത്. ഉമേഷ് യാദവിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളില്‍ ലാതത്തെ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ നായകന്‍ കെയ്ന്‍ വില്യംസണും അഖികം പിടിച്ചു നില്‍ക്കാനായില്ല. അഞ്ചു റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കവെ ബുമ്രയുടെ മുന്നില്‍ വില്യംസണ്‍ വീണു. സ്‌കോര്‍ 121 ല്‍ എത്തിയപ്പോള്‍ ടോം ബ്ലന്‍ഡലിനേയും ബുമ്ര മടക്കി. എന്നാല്‍ റോസ് ടെയ്‌ലറും( അഞ്ച് റണ്‍സ്) ഹെന്റി നിക്കോളാസും(അഞ്ച് റണ്‍സ്) ചേര്‍ന്ന് കിവീസിനായി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ബുമ്ര രണ്ട് വിക്കറ്റും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ആറിന് 90 റണ്‍സെന്ന നിലയിലാണ് കളി ആരംഭിച്ചത്. എന്നാല്‍ ഏഴു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടമായി. ഒന്‍പത് റണ്‍സെടുത്ത ഹനുമ വിഹാരിയെ ടിം സൗത്തി മടക്കി. ഋഷഭ് പന്ത്(നാല് റണ്‍സ്), മൊഹമ്മദ് ഷമി( അഞ്ച് റണ്‍സ്), ജസ്പ്രീത് ബുമ്ര(നാല് റണ്‍സ്) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് മൂന്നാം ദിനം തുടരെ നഷ്ടമായത്. 16 റണ്‍സെടുത്ത രവീന്ദ്ര ജഡേജ പുറത്താകാതെ നിന്നു. 24 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിരാട് കോഹ്‌ലി, പൃഥ്വി ഷാ എന്നിവര്‍ 14 റണ്‍സ് വീതം നേടി. ഇന്ത്യന്‍ നിരയില്‍ നാലു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. രണ്ടാം ഇന്നിങ്‌സില്‍ കിവീസിനായി ട്രന്റ് ബോള്‍ട്ട് നാലു വിക്കറ്റും, ടിം സൗത്തി മൂന്നും കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, നീല്‍ വാഗ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്്ത്തി.

തോല്‍വിക്കുള്ള കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് വിരാട് കോലി, ; തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകുകയാണു വേണ്ടത്

pathram:
Leave a Comment