ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ; കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന് ഉറപ്പിച്ച് അമ്മ

കൊല്ലം: ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ച് മാതാപിതാക്കളും ബന്ധുക്കളും. കുട്ടി തന്നോടു പറയാതെ പുറത്തുപോകില്ലെന്നും നിമിഷനേരം കൊണ്ടാണ് കുഞ്ഞിനെ കാണാതായതെന്നും അമ്മ ധന്യ പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയതാണ്. കുഞ്ഞ് ഒറ്റയ്ക്കു പുഴയില്‍ പോവില്ല. ക്ഷേത്രത്തിലേക്കു പോയത് പുഴയിലേക്കുള്ള വഴിയിലൂടെയല്ല. അയല്‍വീട്ടില്‍ പോലും ഒറ്റയ്ക്കുപോവാത്ത കുട്ടിയാണ് ദേവനന്ദയെന്നും മുത്തച്ഛന്‍ മോഹന്‍പിള്ളയും പറയുന്നു.

അമ്മയ്ക്കും മുത്തച്ഛനും അമ്മൂമ്മയ്ക്കും ഒപ്പമല്ലാതെ വീടിനു പുറത്തേക്കു പോകാത്ത ദേവനന്ദ ഒറ്റയ്ക്ക് 400 മീറ്ററോളം ദൂരം എങ്ങനെ പോയെന്ന ചോദ്യം ഉയര്‍ത്തുകയാണ് മാതാപിതാക്കളും ബന്ധുക്കളും. വിജനമായ സ്ഥലത്തുകൂടി ദേവനന്ദ ഒറ്റയ്ക്കു നടന്നുപോയി എന്നു ആരും വിശ്വസിക്കുന്നില്ല. കാണാതായ ദിവസം ദേവനന്ദ വീടിനുള്ളില്‍ നിന്നപ്പോള്‍ അമ്മയുടെ ഷാള്‍ ധരിച്ചിരുന്നു. അമ്മ തുണി കഴുകുന്നിടത്തേക്കു വരുമ്പോള്‍ ഷാള്‍ ഇല്ലായിരുന്നു. എന്നാല്‍ മൃതദേഹത്തിന് സമീപത്തുനിന്ന് ഷാള്‍ ലഭിക്കുകയും ചെയ്തു.

മുറ്റത്ത് തന്റെ അടുത്തേക്കു വരുമ്പോള്‍ കുഞ്ഞ് ഷാള്‍ ധരിച്ചിരുന്നില്ല. വീടിനകത്തു കളിക്കുമ്പോള്‍ മാത്രമാണു ഷാള്‍ ചുറ്റിയിരുന്നതെന്നു അമ്മ ധന്യ ഉറപ്പിച്ചു പറയുന്നു. ഷാള്‍ എടുത്ത് പുറത്തു പോകുന്ന ശീലമില്ല. ഞാന്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ സ്വീകരണമുറിയിലെ സെറ്റിയി!ല്‍ കിടക്കുകയായിരുന്നു ഈ ഷാള്‍. മോളെ കാണാതായി അകത്തേക്കു കയറിയപ്പോഴാണു ഷാളും കാണാനില്ലെന്ന് അറി!ഞ്ഞത്.

ഞങ്ങളുടെ കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടു പോയതാണെന്ന് സംശയമുണ്ട്. കുട്ടി ഒറ്റയ്ക്ക് പോയതാണ് എന്ന വാദം അംഗീകരിച്ചാല്‍ തന്നെ വീടിനു മുന്‍ഭാഗത്തുള്ള റോഡിലൂടെയല്ലേ പോകുക. പൊലീസ് നായ പോയത് ആ വഴിക്ക് അല്ല. മാത്രവുമല്ല, മൃതദേഹം ലഭിച്ച ഭാഗത്ത് ഉള്‍പ്പെടെ തലേദിവസം നീന്തല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തിയിട്ടും ഒരു സൂചന പോലും ലഭിച്ചിരുന്നില്ല, കേസില്‍ സമഗ്രമായ അന്വേഷണം വേണം– ധന്യ പറയുന്നു.

ദേവനന്ദയുടെത് സാധാരണ മുങ്ങിമരണമാണെന്നാണു പൊലീസിന്റെ നിഗമനം എങ്കിലും കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നു നാട്ടുകാരും ബന്ധുക്കളും സംശയിക്കുന്ന സാഹചര്യത്തില്‍ മരണത്തെക്കുറിച്ചു പൊലീസ് വിശദമായി അന്വേഷിക്കും. മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും മരണത്തില്‍ സംശയം പ്രകടിപ്പിച്ചതോടെ പ്രത്യേക അന്വേഷണ സംഘത്തിനു പൊലീസ് രൂപം നല്‍കി. ഫൊറന്‍സിക് വിദഗ്ധരടങ്ങിയ ബുധനാഴ്ച സംഭവസ്ഥലം സന്ദര്‍ശിക്കും

വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയും കുടവട്ടൂര്‍ നന്ദനത്തില്‍ സി. പ്രദീപ് ധന്യ ദമ്പതികളുടെ മകളുമായ ദേവനന്ദയുടെ മൃതദേഹം പള്ളിമണ്‍ ആറ്റില്‍നിന്നു വെള്ളിയാഴ്ച രാവിലെയാണു കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണു വീട്ടില്‍നിന്നു കാണാതായത്.ബന്ധുക്കളുടെ സംശയത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് തുടര്‍ച്ചയായി മൊഴികള്‍ ശേഖരിക്കുന്നത്. സാഹചര്യത്തെളിവുകളും പരിശോധിക്കുന്നുണ്ട്. അയല്‍വാസികളുടെ മൊഴികളും എടുക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു നേതൃത്വം നല്‍കിയ ഡോ. വത്സലയുടെ നേതൃത്വത്തിലുള്ള സംഘമാണു പൊലീസിന്റെ അഭ്യര്‍ഥന പ്രകാരം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സ്ഥലത്തെത്തുക.

400 മീറ്ററോളം ദൂരെ മൃതദേഹം കണ്ട പുഴയുടെ ഭാഗം വരെ നടന്നുപോയ ദേവനന്ദ, ഇവിടുത്തെ താല്‍കാലിക നടപ്പാലം കയറവെ തെന്നി പുഴയില്‍ വീണുവെന്ന നിഗമനത്തിലായിരുന്നു പൊലീസ്.ദേവനന്ദയുടെ വീടിനു തൊട്ടു താഴത്തെ വീട് പൂട്ടിക്കിടന്നിട്ട് ആഴ്ചകളായി. മണം പിടിച്ചെത്തിയ പൊലീസ് നായ ഈ വീടിന് പിറകിലൂടെ ഒ!ാടി ഗേറ്റിനു മുന്നിലെത്തി. പിന്നീട് നടപ്പാലവും കടന്ന് അര കിലോമീറ്റര്‍ അകലെയുള്ള ഒരു വീടിന്റെ പടിക്കല്‍ വരെ ചെന്നുനിന്നു.

കാണാതാകുന്നതിനു മുന്‍പ് ദേവനന്ദ ആഭരണങ്ങള്‍ ധരിച്ചിരുന്നില്ല. ദേഹത്ത് പാടുകളാ ക്ഷതങ്ങളാ ഇല്ല. ശ്വാസം മുട്ടിച്ചതിന്റെ സൂചനകളുമില്ല. വീടിന്റെ മുന്‍വശത്തെ വാതിലിലൂടെ ഇറങ്ങിയാണു ദേവനന്ദ അമ്മ തുണി കഴുകുന്നിടത്തേക്കു രണ്ടു തവണയും വന്നത്. ഈ വാതില്‍ ആരെങ്കിലും തുറന്നിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

pathram:
Leave a Comment