ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നു ദിവസമായി തുടരുന്ന ആക്രമണങ്ങള്‍ക്കു ശമനം. രാജ്യതലസ്ഥാനം സാധാരണ നിലയിലേക്കു മടങ്ങുന്നു. സംഘര്‍ഷങ്ങളില്‍ 38 പേര്‍ കൊല്ലപ്പെട്ടു. പരുക്കേറ്റ 156 പേര്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ടവരില്‍ രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ഒരു പോലീസ് ഉദ്യോഗസ്ഥനും ഇന്റലിജന്‍സ് ഉദ്യോഗസ്ഥനും സിവില്‍ എന്‍ജിനിയറും ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു. കല്ലേറിലും വെടിവയ്പ്പിലും മാരകായുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തിലുമാണ് ആളുകള്‍ക്കു പരുക്കേറ്റത്.
കലാപത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു 10 ലക്ഷം രൂപ വീതം നല്‍കുമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ചികിത്സയിലുള്ളവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. എല്ലാവര്‍ക്കും ഭക്ഷണം എത്തിക്കും. രാത്രിയില്‍ നാലു മജിസ്‌ട്രേറ്റുകള്‍ പ്രവര്‍ത്തിക്കും. വീട് നഷ്ടപെട്ടവര്‍ക്കു നാലു ലക്ഷവും വീട് തീയിട്ട് നശിപ്പിക്കപെട്ടവര്‍ക്ക് അവരുടെ മുഴുവന്‍ രേഖകളും പുതുതായി നല്‍കും. വീടും വാഹനവും കടകളും നശിച്ചവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കും.
കുട്ടികള്‍ക്ക് യൂണിഫോം, പഠനോപകരണങ്ങള്‍. എല്ലാ മൊഹല്ലകളിലും സമാധാന കമ്മിറ്റികള്‍. ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ആരെങ്കിലും കലാപത്തില്‍ പങ്കാളിയാണെങ്കില്‍ ഇരട്ടി ശിക്ഷ നല്‍കണമെന്നു കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹി സര്‍ക്കാരിന്റെ ഫാരിഷ്‌ടെ പദ്ധതിക്ക് കീഴിലാണ് പരിക്കേറ്റവര്‍ക്കു സര്‍ക്കാര്‍ ചികിത്സ ലഭ്യമാക്കുക. കലാപത്തില്‍ പരുക്കേറ്റവര്‍ക്ക് ഏതു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടാം.