ഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട ഡല്‍ഹി ഹൈക്കോടതി ബെഞ്ചിലെ ജസ്റ്റിസ് എസ്. മുരളീധറിനെ അര്‍ധരാത്രി സ്ഥലം മാറ്റിയ നടപടിയില്‍ പ്രതിഷേധം പുകയുന്നു. ജസ്റ്റിസ് എസ്. മുരളീധറിനെ അര്‍ധരാത്രി സ്ഥലം മാറ്റിയത് ഞെട്ടിപ്പിക്കുന്നതും ദുഃഖിപ്പിക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
അതേസമയം ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലം മാറ്റിയത് സ്വാഭിവിക നടപടി മാത്രമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കൊളീജിയത്തിന്റെ ശുപാര്‍ശ പ്രകാരമാണ് മാറ്റമെന്നും മന്ത്രി പറഞ്ഞു.
നിയമവ്യവസ്ഥയുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമം അപലപനീയമാണ്. ജുഡീഷ്യറിയില്‍ ഉള്ള ജനങ്ങളുടെ വിശ്വാസം തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. ജസ്റ്റിസ് ലോയയെ അനുസ്മരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. സ്ഥലം മാറ്റാത്ത ധീരനായ ജസ്റ്റിസ് ലോയയെ ഓര്‍മിക്കുന്നുവെന്നു രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപണ വിധേയനായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെ 2014 ഡിസംബര്‍ ഒന്നിനാണ് ജസ്റ്റിസ് ലോയ മരിച്ചത്.