പൗരത്വ നിയമത്തെ ചൊല്ലി സംഘര്‍ഷം; അക്രമത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി

ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. അതിനിടെ 12 മണിക്കൂറിനുള്ളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രണ്ടാം അടിയന്തര യോഗം വിളിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ലഫ്. ഗവര്‍ണറും യോഗത്തില്‍ പങ്കെടുക്കും. മൗജ്പുരിലും ബ്രഹ്മപുരിയിലും ഇന്നു രാവിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കല്ലേറുണ്ടായി. ബ്രഹ്മപുരിയില്‍ പൊലീസ് ഫ്‌ലാഗ് മാര്‍ച്ച് നടത്തി. സംഘര്‍ഷമുണ്ടായ പ്രദേശത്തെ എംഎല്‍എമാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പേരു ചോദിച്ചാണ് ആക്രമണം നടത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഡല്‍ഹിയില്‍ പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. അഞ്ച് മെട്രോസ്‌റ്റേഷനുകള്‍ അടച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചു. പൊലീസ് അക്രമികള്‍ക്കൊപ്പമാണെന്നു മൗജ്പുരി നിവാസികള്‍ ആരോപിച്ചു.

അതേസമയം കലാപത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാവ് കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി. അക്രമം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാമെന്നു ഡല്‍ഹി പൊലീസ് സ്‌പെഷല്‍ കമ്മിഷണര്‍ രാജേഷ് ഖുറാന ആം ആദ്മി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. എട്ട് സിആര്‍പിഎഫ് കമ്പനി സേനയും റാപിഡ് ആക്ഷന്‍ ഫോഴ്‌സും വനിതാ സുരക്ഷാ സേനയും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം പൗരത്വ നിയമത്തിനെതിരെ ജാഫറാബാദില്‍ റോഡ് ഉപരോധിച്ചുള്ള സമരം തുടരുകയാണ്. സാമുദായിക ഐക്യം നിലനിര്‍ത്തണമെന്ന് ഡല്‍ഹിയിലെ ജനങ്ങളോടു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഭ്യര്‍ഥിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7