സിഡ്‌നി: വനിതാ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ആതിഥേയരായ ഓസ്‌ട്രേലിയയെ 17 റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യന്‍ വനിതകള്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 132 റണ്‍സ് ആയിരുന്നു. മറുപടി ബാറ്റിംഗ് ഇറങ്ങിയ ഓസീസിന് 19.5 ഓവറില്‍ 115 റണ്‍സ് തികയ്ക്കാനെ ആയുള്ളു. ഇതോടെ ഇന്ത്യ17റണ്‍സിന് വിജയിക്കുകയായിരുന്നു. നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് പിഴുതിയ സ്പിന്നര്‍ പൂനം യാദവിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. ശിഖ പാണ്ഡെ 3.5 ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. പൂനം യാദവാണ് കളിയിലെ താരം.
ഇന്ത്യന്‍ ബോളര്‍മാരുടെ കടന്നാക്രമണത്തില്‍ പതറിയ ഓസീസ് നിരയില്‍ രണ്ടക്കം കടക്കാനായത് രണ്ടു പേര്‍ക്കു മാത്രമാണ്. ഓസീസ് ജഴ്‌സിയില്‍ ഈ വര്‍ഷത്തെ ആദ്യ അര്‍ധസെഞ്ചുറി കുറിച്ച എലീസ ഹീലി (35 പന്തില്‍ 51), ആഷ്!ലി ഗാര്‍ഡ്‌നര്‍ (36 പന്തില്‍ 34) എന്നിവരാണ് രണ്ടക്കം കണ്ട ഓസീസ് താരങ്ങള്‍. ഓപ്പണിങ് വിക്കറ്റില്‍ 32 റണ്‍സ് കൂട്ടുകെട്ടു തീര്‍ത്ത് ഭേദപ്പെട്ട തുടക്കം കുറിച്ച ഓസീസിന്, പിന്നീട് അടിപതറുകയായിരുന്നു. ഒരു ഘട്ടത്തില്‍ ഒരേയൊരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സ് എന്ന നിലയിലായിരുന്ന ഓസീസിന് 60 റണ്‍സിനിടെയാണ് ശേഷിച്ച ഒന്‍പതു വിക്കറ്റുകള്‍ നഷ്ടമായത്.
133 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഓസീസിന്റെ തുടക്കം മികച്ചതായിരുന്നു. വിക്കറ്റ് നഷ്ടം കൂടാതെ 32 റണ്‍സെന്ന നിലയിലായിരുന്ന ഓസീസിന് ഓപ്പണര്‍ ബേഥ് മൂണിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 12 പന്തില്‍ ആറു റണ്‍സെടുത്ത മൂണിയെ ശിഖ പാണ്ഡെ പുറത്താക്കി. കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ ഓസീസ് 50 പിന്നിട്ടെങ്കിലും തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ മെഗ് ലാന്നിങ്ങും പുറത്തായി. എട്ടു പന്തില്‍ അഞ്ചു റണ്‍സെടുത്ത ലാന്നിങ്ങിനെ രാജേശ്വരി ഗെയ്ക്‌വാദ് വിക്കറ്റ് കീപ്പര്‍ ടാനിയ ഭാട്യയുടെ കൈകളിലെത്തിച്ചു.
ഇതിനു പിന്നാലെയായിരുന്നു കളി പൂര്‍ണമായും ഇന്ത്യയുടെ പക്ഷത്തേക്ക് തിരിച്ച് പൂനം യാദവിന്റെ അവതാരം. തന്റെ ആദ്യ ഓവറില്‍ സിക്‌സടിച്ച് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ എലീസ ഹീലിയെ തൊട്ടടുത്ത പന്തില്‍ പുറത്താക്കിയായിരുന്നു പൂനത്തിന്റെ തുടക്കം. ഈ വര്‍ഷം രണ്ടക്കം കടക്കാന്‍ പെടാപ്പാടു പെട്ടിരുന്ന ഹീലി 35 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സെടുത്ത് പൂനത്തിനു തന്നെ ക്യാച്ച് സമ്മാനിച്ച് മടങ്ങി.
രണ്ടാം വരവില്‍ അപകടകാരികളായ റേച്ചല്‍ ഹെയ്ന്‍സ് (എട്ടു പന്തില്‍ ആറ്), എലീസ് പെറി (0) എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കി പൂനം യാദവ് ആഞ്ഞടിച്ചതോടെ അഞ്ചിന് 76 റണ്‍സ് എന്ന നിലയിലായി ഓസീസ്. തൊട്ടടുത്ത പന്തില്‍ ജൊനാസ്സന്‍ നല്‍കിയ ശ്രമകരമായ ക്യാച്ച് പിടിച്ചെടുക്കാന്‍ ടാനിയയ്ക്ക് കഴിയാതെ പോയതോടെ പൂനത്തിന് നേരിയ വ്യത്യാസത്തില്‍ ഹാട്രിക്കും നഷ്ടമായി.
മൂന്നാം ഓവറില്‍ ജെസ് ജൊനാസനെയും പൂനം മടക്കി. ആറു പന്തില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത ജൊനാസ്സനെ ടാനിയ ഭാട്യ ക്യാച്ചെടുത്തു പുറത്താക്കി. അനാബെല്‍ സുതര്‍ലാന്‍ഡിനെ ശിഖ ഭാട്യയും പുറത്താക്കിയതോടെ ഓസീസ് തോല്‍വി മണത്തു. അഞ്ചു പന്തില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത സുതര്‍ലന്‍ഡിനെ ടാനിയ ഭാട്യ സ്റ്റംപ് ചെയ്താണ് മടക്കിയത്. ദീപ്തി ശര്‍മയെറിഞ്ഞ 19–ാം ഓവറില്‍ ഡെലീസ്സ കിമ്മിന്‍സ് റണ്ണൗട്ടായി. സമ്പാദ്യം അഞ്ചു പന്തില്‍ നാലു റണ്‍സ്.
ഇതോടെ രണ്ടു വിക്കറ്റ് മാത്രം കയ്യിലിരിക്കെ ശിഖ പാണ്ഡെ എറിഞ്ഞ അവസാന ഓവറില്‍ ഓസീസിന് വിജയത്തിലേക്കു വേണ്ടിയിരുന്നത് 21 റണ്‍സ്. രണ്ടാം പന്തില്‍ ഓസീസിന്റെ അവസാന പ്രതീക്ഷയായിരുന്ന ആഷ്!ലി ഗാര്‍ഡ്‌നറിനെ സ്വന്തം ബോളിങ്ങില്‍ ശിഖ പിടികൂടിയതോടെ ഓസീസിന്റെ കഥ കഴിഞ്ഞു. ഗാര്‍ഡ്‌നര്‍ 36 പന്തില്‍ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സെടുത്തു. അഞ്ചാം പന്തില്‍ മേഗന്‍ ഷൂട്ട് (ഒന്ന്) റണ്ണൗട്ടായി