ലോകകപ്പില്‍ കിരീടം നേടാന്‍ ഇന്ത്യയെ സഹായിക്കാന്‍ തനിക്കു സാധിക്കുമെന്ന് ഷാര്‍ദുല്‍ ഠാക്കൂര്‍

ട്വന്റി20 ലോകകപ്പില്‍ കിരീടം നേടാന്‍ ഇന്ത്യയെ സഹായിക്കാന്‍ തനിക്കു സാധിക്കുമെന്ന പ്രഖ്യാപനവുമായി പേസ് ബോളര്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ രംഗത്ത്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പ് നേടാന്‍ തനിക്ക് സഹായിക്കാന്‍ ആവുമെന്നാണ് ഠാക്കൂര്‍ പറയുന്നത്. ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ കണക്കറ്റ് റണ്‍സ് വിട്ടുകൊടുത്തതിന്റെ പേരില്‍ ആരാധകരില്‍നിന്ന് കനത്ത വിമര്‍ശനമുയരുന്നതിനിടെയാണ് ലോകകപ്പ് നേടാന്‍ ഇന്ത്യയെ സഹായിക്കാന്‍ തനിക്കാകുമെന്ന പ്രഖ്യാപനവുമായി ഠാക്കൂറിന്റെ വരവ്. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ സംഭവിച്ച പിഴവുകളില്‍നിന്ന് പാഠം പഠിച്ചാണ് ലോകകപ്പിന് ഒരുങ്ങുന്നതെന്നും ഠാക്കൂര്‍ വ്യക്തമാക്കി.

തീര്‍ച്ചയായും ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പില്‍ തന്നെയാണ് എന്റെ കണ്ണ്. കളത്തിലെ എന്റെ ക്രിയാത്മക നീക്കങ്ങളും ആത്മവിശ്വാസവും കളിയോടെയുള്ള ആവേശവും ലോകകപ്പ് ജയിക്കാന്‍ തീര്‍ച്ചയായും ഇന്ത്യയെ സഹായിക്കും’ – ഠാക്കൂര്‍ പറഞ്ഞു. ഇതുവരെ 15 രാജ്യാന്തര ട്വന്റി20കള്‍ കളിച്ചിട്ടുള്ള ഷാര്‍ദുല്‍ ഠാക്കൂര്‍ 21 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ലോകകപ്പിനു മുന്നോടിയായി ഇത്തവണത്തെ ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണെന്നും ഠാക്കൂര്‍ അഭിപ്രായപ്പെട്ടു. ഐപിഎല്ലില്‍ മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരമാണ് ഠാക്കൂര്‍.

‘ഇത്തവണ ഐപിഎല്ലിലെ പ്രകടനം തീര്‍ച്ചയായും പ്രധാനപ്പെട്ടതാണ്. അവിടെനിന്ന് നമുക്കു ലഭിക്കുന്ന ആത്മവിശ്വാസം മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രധാനമാണ്. ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയും ഐപിഎല്ലിനുശേഷം സിംബാബ്!വെയ്‌ക്കെതിരായ പരമ്പരയുമുണ്ട്. ഏഷ്യാകപ്പ് കൂടി കളിച്ചശേഷമാണ് നമ്മള്‍ ട്വന്റി20 ലോകകപ്പിനായി പോകുന്നത്. എല്ലാംകൊണ്ടും ഐപിഎല്ലിലെ പ്രകടനം പ്രധാനപ്പെട്ടതാണെന്നു ചുരുക്കം. ഐപിഎല്ലിലെ മികച്ച ഫോം തുടര്‍ന്നുള്ള ടൂര്‍ണമെന്റുകളിലും തുടരാനാകണം’ – ഠാക്കൂര്‍ പറഞ്ഞു.

ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനം പഠിക്കാനുള്ള അവസരമായാണ് കാണുന്നതെന്ന് ഠാക്കൂര്‍ വ്യക്തമാക്കി. ‘എന്റെ തെറ്റുകള്‍ ഞാന്‍ തീര്‍ച്ചയായും പഠിക്കും. ഇതെല്ലാം ഓരോ പാഠമായി കാണും. ന്യൂസീലന്‍ഡിലേക്കുള്ള എന്റെ ആദ്യ പര്യടനമായിരുന്നു ഇത്. മറ്റു താരങ്ങളെ വച്ചുനോക്കുമ്പോള്‍ ഇന്ത്യയ്ക്കായി ഞാന്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടുമില്ല. നിലവില്‍ പരിചയം ആര്‍ജിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. ടീമിനായി കൂടുതല്‍ മികച്ച സംഭാവനകള്‍ ഉറപ്പാക്കാന്‍ ശ്രമിക്കും’ – ഠാക്കൂര്‍ പറഞ്ഞു.

റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ കൂടുതല്‍ കരുതല്‍ കാണിക്കുന്നതിനു പുറമെ, ബാറ്റിങ്ങിലും ശ്രദ്ധേയമായ സംഭാവനകള്‍ ഠാക്കൂര്‍ ഉറപ്പുനല്‍കി. മുന്‍പ് സ്‌കൂള്‍, യൂണിവേഴ്‌സിറ്റി തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായിട്ടുണ്ടെന്ന് ഠാക്കൂര്‍ പറഞ്ഞു.

pathram:
Leave a Comment