നിർഭയ പ്രതികളെ തൂക്കിലേറ്റുന്ന തീയതി തീരുമാനിച്ചു

ന്യൂഡൽഹി • നിർഭയ കേസിലെ നാലു കുറ്റവാളികളുടെയും വധശിക്ഷ മാർച്ച് മൂന്നിനു രാവിലെ ആറിനു നടപ്പാക്കണമെന്നു പുതിയ മരണവാറന്റ്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രതികളിൽ മൂന്നുപേരുടെയും ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹർജി തള്ളിയതിനെതിരെ പ്രതി വിനയ് ശർമ സമർപ്പിച്ച ഹർജി സുപ്രീംകോടതിയും തിരസ്കരിച്ചു. ഇതോടെയാണു കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്.

പ്രതികളായ മുകേഷ് സിങ്, വിനയ് ശർമ, അക്ഷയ് കുമാർ സിങ് എന്നിവരുടെ ദയാഹർജികളാണു രാഷ്ട്രപതി പലപ്പോഴായി തള്ളിയത്. നാലാമത്തെ പ്രതി പവൻ ഗുപ്ത ഇനിയും ദയാഹർജി നൽകിയിട്ടില്ല. ഹൈക്കോടതി വധശിക്ഷയ്ക്കു വിധിച്ച പ്രതികളുടെ അപ്പീലിൽ 6 മാസത്തിനുള്ളിൽ വാദം ആരംഭിക്കണമെന്നു സുപ്രീം കോടതി മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു.

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതു നീളുന്നതിനിടെയാണ് സുപ്രീം കോടതി നിർദേശങ്ങൾ പുറത്തിറക്കിയത്. ഹൈക്കോടതി വധശിക്ഷ ശരിവച്ച കേസുകളിലെ പ്രതികളുടെ അപ്പീൽ 6 മാസത്തിനുള്ളിൽ, മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നു സർക്കുലറിൽ വ്യക്തമാക്കുന്നു. അപ്പീൽ നൽകിയാലുടൻ കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കാനുള്ള നിർദേശം റജിസ്ട്രാർ കീഴ്ക്കോടതികൾക്കു നൽകണം.

2012 ഡിസംബര്‍ 16നാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം. 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ ആറുപേര്‍ ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചു റോഡിലേക്ക് എറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി ചികില്‍സയ്ക്കിടെ സിംഗപ്പുരിലെ ആശുപത്രിയില്‍ മരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു വലിയ തോതിലുള്ള പ്രതിഷേധങ്ങളാണു രാജ്യത്ത് അരങ്ങേറിയത്.

pathram desk 2:
Related Post
Leave a Comment