കെഎസ്ആര്‍ടിസി ബസ് ഓട്ടത്തിനിടെ കത്തി നശിച്ചു

ശബരിമല : കെഎസ്ആര്‍ടിസി ബസിന് ഓട്ടത്തിനിടെ തീ പിടിച്ചു. പമ്പനിലയ്ക്കല്‍ റൂട്ടില്‍ ചെയിന്‍ സര്‍വീസ് നടത്തുന്ന ബസിനാണ് തീ പിടിച്ചത്. യാത്രക്കാരായ അയ്യപ്പന്മാര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. വെള്ളിയാഴ്ച വൈകിട്ട് 6.50ന് ചാലക്കയത്തിനും അട്ടത്തോടിനും മധ്യേ വനമേഖലയിലാണ് അപകടം ഉണ്ടായത്. പത്തനംതിട്ട ഡിപ്പോയുടെ ലോഫ്‌ലോര്‍ നോണ്‍ എസി ജന്റം ബസ് ജെഎന്‍ 551ന് ആണ് തീപിടിച്ചത്.

ബസിന്റെ പിന്നിലെ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അതിന്റെ ഭാഗം ഡീസല്‍ ടാങ്കില്‍ തട്ടിയാണ് തീ ഉണ്ടായത്. ബസില്‍ 70 യാത്രക്കാര്‍ ഉണ്ടായിരുന്നു. അപകടം ഉണ്ടായ ഉടനെ ബസിന്റെ രണ്ടു വാതിലും തുറക്കാന്‍ കഴിഞ്ഞു. യാത്രക്കാര്‍ വാതലിലൂടെയും വശങ്ങളിലൂടെയും പുറത്തേക്ക് ചാടിയാണ് രക്ഷപെട്ടത്. വശങ്ങളിലൂടെ ചാടിയവര്‍ക്കാണ് നിസാര പരുക്കുപറ്റിയത്. കുറെ പേരുടെ ഇരുമുടിക്കെട്ടുകളും തോള്‍ സഞ്ചികളും നഷ്ടപ്പെട്ടു.
മൊബൈല്‍ റേഞ്ച് ഉള്ള സ്ഥലത്തല്ലായിരുന്നു അപകടം നടന്നത്. അതിനാല്‍ അപകടം പമ്പയിലും നിലയ്ക്കലും അറിയിക്കാന്‍ വൈകി. പമ്പ നിലയ്ക്കല്‍ റൂട്ടില്‍ റോന്ത് ചുറ്റുകയായിരുന്ന പൊലീസ് പമ്പയില്‍ എത്തിയാണ് അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചത്. ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ച് വനത്തിലേക്ക് തീപടര്‍ന്നു. ഇതേ തുടര്‍ന്ന് പമ്പനിലയ്ക്കല്‍ റൂട്ടില്‍ ഒരു മണിക്കൂറിലേറെ ഗതാഗതം മുടങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular