ഐസിസി ഏകദിന റാങ്കിങ്ങില്‍ ബുമ്രയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ന്യൂസീലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട് ആണ് പുതിയ ഒന്നാം സ്ഥാനക്കാരന്‍. ന്യൂസീലന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയില്‍ വിക്കറ്റ് വീഴ്ത്താനാകാതെ പോയതാണ് ബുമ്രയ്ക്ക് തിരിച്ചടിയായത്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ രവീന്ദ്ര ജഡേജ മൂന്നു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഏഴാം സ്ഥാനത്തെത്തി. ബാറ്റിങ് റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഒന്നും രണ്ടും സ്ഥാനം നിലനിര്‍ത്തി.
അതിനിടെ, എത്ര മികച്ച രീതിയില്‍ പന്തെറിഞ്ഞാലും വിക്കറ്റ് കിട്ടണമെങ്കില്‍ ജസ്പ്രീത് ബുമ്ര കൂടുതല്‍ ആക്രമണോത്സുകത കാട്ടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍ രംഗത്തെത്തി. മികച്ച ബോളറായതിനാല്‍ ബുമ്രയ്ക്ക് വിക്കറ്റ് നല്‍കാതെ പ്രതിരോധത്തിലൂന്നി കളിക്കാനാണ് എതിര്‍ ടീം ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്ന് സഹീര്‍ ചൂണ്ടിക്കാട്ടി. എതിര്‍ ടീമില്‍നിന്നു കിട്ടുന്ന ഈ ബഹുമാനം നല്ലതാണെങ്കിലും വിക്കറ്റെടുക്കുന്ന പതിവു തുടരണമെങ്കില്‍ ബുമ്ര കൂടുതല്‍ ആക്രമണോത്സുകത കാട്ടണം. കുറച്ച് റണ്‍സ് വിട്ടുകൊടുത്താലും വിക്കറ്റെടുക്കാനാണ് ബുമ്ര ശ്രമിക്കേണ്ടതെന്നും സഹീര്‍ അഭിപ്രായപ്പെട്ടു.
അടുത്തിടെ ന്യൂസീലന്‍ഡിനെതിരെ നടന്ന മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ജസ്പ്രീത് ബുമ്രയ്ക്ക് ഒരു വിക്കറ്റ് പോലും നേടാനായിരുന്നില്ല. മൂന്നു മത്സരങ്ങളും തോറ്റ് മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യ ഏകദിന പരമ്പരയില്‍ വൈറ്റ് വാഷ് ഏറ്റുവാങ്ങിയതില്‍ ബുമ്രയുടെ ‘വിക്കറ്റില്ലാ പ്രകടനവും’ നിര്‍ണായകമായിരുന്നു. മൂന്നു മത്സരങ്ങളിലായി 30 ഓവര്‍ ബോള്‍ ചെയ്ത ബുമ്ര 167 റണ്‍സാണ് വഴങ്ങിയത്. മാത്രമല്ല, ഏകദിന കരിയറില്‍ ആദ്യമായാണ് ബുമ്ര തുടര്‍ച്ചയായി മൂന്നു മത്സരങ്ങളില്‍ വിക്കറ്റ് നേടാതെ പോകുന്നത്. ഈ സാഹചര്യത്തിലാണ് വിക്കറ്റെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിച്ച് സഹീറിന്റെ രംഗപ്രവേശം.
‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ ബോളറെന്ന നിലയില്‍ എതിര്‍ ടീമിനിടയില്‍പ്പോലും ജസ്പ്രീത് ബുമ്ര നേടിയെടുത്ത വളര്‍ച്ചയും ബഹുമാനവും നല്ലതുതന്നെ. പക്ഷേ അതു നിലനിര്‍ത്തുകയെന്നത് ശ്രമകരമായ ദൗത്യമാണ്. ബുമ്രയുടെ 10 ഓവറില്‍ 35 റണ്‍സ് മാത്രമേ കിട്ടുന്നുള്ളൂവെങ്കിലും അതുമതി എന്ന് ടീമുകള്‍ വിലയിരുത്തുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ബുമ്രയ്ക്ക് വിക്കറ്റ് കൊടുക്കാതെ മറ്റു ബോളര്‍മാരെ ആക്രമിക്കുകയെന്നതാണ് അവരുടെ തന്ത്രം’ സഹീര്‍ ഖാന്‍ ചൂണ്ടിക്കാട്ടി.
‘ഇനിയങ്ങോട്ട് വിക്കറ്റെടുക്കുന്ന ശീലം തുടരണമെങ്കില്‍ ബുമ്ര കൂടുതല്‍ അധ്വാനിക്കേണ്ടിവരും. കളത്തില്‍ കൂടുതല്‍ ആക്രമണോത്സുകത കാട്ടുകയും വേണം. കാരണം, ബുമ്രയെ പ്രതിരോധത്തിലൂന്നി നേരിടാനേ എതിര്‍ ടീമിലെ ബാറ്റ്‌സ്മാന്‍മാര്‍ ശ്രമിക്കൂ’ സഹീര്‍ പറഞ്ഞു.
‘ബാറ്റ്‌സ്മാന്‍മാര്‍ പിഴവു വരുത്തുന്നതു കാത്തിരുന്നിട്ട് ഇനി കാര്യമില്ല. പകരം വിക്കറ്റ് കിട്ടാനുള്ള വഴി ബുമ്ര സ്വയം കണ്ടെത്തണം. ബുമ്രയ്ക്ക് വിക്കറ്റ് നല്‍കാതിരിക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഉറപ്പായും തുടര്‍ന്നും ശ്രമിക്കും. എതിര്‍ ടീം ഇത്തരമൊരു ബഹുമാനം നല്‍കുന്നത് നല്ല കാര്യമാണെങ്കിലും അതുകൊണ്ടു കാര്യമില്ല. അവരെ ഷോട്ടുകള്‍ കളിക്കാന്‍ പ്രേരിപ്പിക്കുകയും വിക്കറ്റെടുക്കുകയുമാണ് ഇനി വേണ്ടത്. വിക്കറ്റെടുക്കുകയാണ് തന്റെ ദൗത്യമെന്ന് എപ്പോഴും ഓര്‍മിക്കണം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ കുറച്ച് റണ്‍സ് വിട്ടുകൊടുത്താലും കുഴപ്പമില്ല. ടീമിന്റെ ഒന്നാം നമ്പര്‍ ബോളറെന്ന നിലയില്‍ വിക്കറ്റെടുക്കേണ്ട ചുമതലയും തന്റേതാണെന്ന് അദ്ദേഹം ഓര്‍ക്കണം’ സഹീര്‍ പറഞ്ഞു.
Leave a Comment