ഇന്ത്യ ബുംറയെ അമിതമായി ആശ്രയിക്കുന്നു….; വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് തുടങ്ങി

ടീം ഇന്ത്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പേസര്‍ ആശിഷ് നെഹ്‌റ. ഇന്ത്യ ബുംറയെ അമിതമായി ആശ്രയിക്കുകയാണെന്നും അത് ശരിയായ നടപടി അല്ലെന്നും നെഹ്‌റ പറഞ്ഞു. ബുംറ എല്ലാ കളികളിലും വിക്കറ്റിടുമെന്ന് പ്രതീക്ഷിക്കുന്നത് അസംബന്ധമാണെന്നും മുന്‍ ഇന്ത്യന്‍ താരം പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് നെഹ്‌റ മനസ്സു തുറന്നത്.

”കളിക്കുന്ന എല്ലാ പരമ്പരകളിലും ബുംറ ഇന്ത്യക്കു വേണ്ടി വിക്കറ്റെടുക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. അദ്ദേഹം പരുക്ക് മാറിയാണ് തിരിച്ചെത്തിയതെന്ന് ഓര്‍മിക്കണം. എല്ലായ്‌പ്പോഴും ഒരേ ഫോമില്‍ കളിക്കുക എന്നത് ബുദ്ധിമുട്ടാണ്. വിരാട് കോലിക്കു പോലും ഈ പരമ്പര അത്ര നല്ലതായിരുന്നില്ല. ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുക്കുമ്പോള്‍ അല്പം കൂടി ശ്രദ്ധിക്കണം. ഷമിയും ബുംറയുമല്ലാത്ത മറ്റു പേസര്‍മാരും തങ്ങളുടെ റോളുകള്‍ എന്താനെന്ന് മനസ്സിലാക്കണം. കഴിഞ്ഞ രണ്ട് വര്‍ഷമായി ബുംറയും ഷമിയും കൂടി വിക്കറ്റെടുക്കുന്നത് അവര്‍ പരിചയിച്ചു പോയി.ബുംറക്കു മേല്‍ കടുത്ത സമ്മര്‍ദ്ദമാണ് ഉള്ളത്. ടീം സെലക്ഷനില്‍ ഇപ്പോള്‍ സ്ഥിരത തീരെയില്ല”- നെഹ്‌റ പറഞ്ഞു.

ബുംറയുടെ കരിയറിലെ തന്നെ ഏറ്റവും മോശം സീരീസാണ് ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞത്. അവസാനത്തെ 7 ഏകദിനങ്ങളില്‍ നിന്ന് ബുംറ നേടിയത് രണ്ടേ രണ്ട് വിക്കറ്റുകളാണ്. ന്യൂസിലന്‍ഡ് പരമ്പരയില്‍ ഒരു വിക്കറ്റ് പോലും അദ്ദേഹത്തിനില്ല. എക്കോണമിയും അത്ര മികച്ചതായിരുന്നില്ല. അതേത്തുടര്‍ന്ന് ഐസിസി റാങ്കിംഗിലും ബുംറക്ക് തിരിച്ചടി നേരിട്ടു. ഏറെക്കാലമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബുംറ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 45 പോയിന്റാണ് ബുംറക്ക് നഷ്ടമായത്. കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് ഇപ്പോള്‍ ഒന്നാമത്. ബോള്‍ട്ടിന് 727 പോയിന്റുണ്ട്. ബുംറക്ക് 719 പോയിന്റാണ് ഉള്ളത്.

pathram:
Leave a Comment