കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക വേണ്ടെന്ന് ഹൈക്കോടതി. ഉചിതമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന് കൈക്കൊള്ളാം. യുഡിഎഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. 2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടര്‍പട്ടിക ഉപയോഗിച്ചാകണം തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്നായിരുന്നു യുഡിഎഫിന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി.
2019 ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടര്‍പട്ടികയില്‍ 2020 ഫെബ്രുവരി 7 വരെ ചേര്‍ത്ത പേരുകള്‍കൂടി ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക തയാറാക്കാനും അതനുസരിച്ചു തെരഞ്ഞെടുപ്പ് നടത്താനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
മുന്‍പ് ഈ കേസ് പരിഗണിച്ചപ്പോള്‍ യുഡിഎഫ് മുന്നോട്ട് വച്ച ഹര്‍ജിയിലെ വാദങ്ങള്‍ നടപ്പാക്കുന്നതിന് ഏതെങ്കിലും തരത്തില്‍ തടസങ്ങളുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. എന്നാല്‍, കോടതി പറയുന്ന പോലെ ചെയ്യാന്‍ തയാറാണെന്നും തടസങ്ങളൊന്നും ഇല്ലെന്നായിരുന്നു അന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കോടതി ഇങ്ങനൊരു തീരുമാനം കൈക്കൊണ്ടത്.
വിഷയത്തില്‍ കോടതി ഉത്തരവ് ലഭിച്ച ശേഷം മാത്രമേ തീരുമാനം എടുക്കുവെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിനൊപ്പം പുതുതായി പേരു ചേര്‍ക്കാന്‍ മൂന്ന് അവസരം നല്‍കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.