ജപ്പാനിലെ യോകോഹാമ കടലിൽ പിടിച്ചിട്ടിരിക്കുന്ന ആഡംബര വിനോദക്കപ്പലിൽ കഴിയുന്ന രണ്ട് ഇന്ത്യക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജപ്പാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം ഹോങ്കോങ്ങിൽ നിന്നു തിരിച്ച കപ്പൽ, യാത്രക്കാർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഫെബ്രുവരി 19 വരെ പിടിച്ചിട്ടിരിക്കുകയാണ്.
ഡയമണ്ട് പ്രിൻസസ് കപ്പലിലെ യാത്രക്കാർക്ക് നാലാം തീയതിയാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. രണ്ടാഴ്ചത്തേക്ക് കപ്പൽ കരയിലടുക്കാൻ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. 138 ഇന്ത്യക്കാരടക്കം 3,711 പേരുള്ള കപ്പൽ കഴിഞ്ഞ ആഴ്ചയാണ് ജപ്പാൻ തീരത്തെത്തിയത്. 174 പേർക്ക് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ഡയമണ്ട് പ്രിൻസസിലാണ്.