ഇനി മൂന്നെണ്ണം..!!! വീണ്ടും രാഹുല്‍, വീണ്ടും ജയം; ഇത്തവണ ന്യൂസിലന്‍ഡിനെ തകര്‍ത്തത് ഏഴ് വിക്കറ്റിന്

രണ്ടാം ട്വന്റി20യിലും ആധികാരിക വിജയവുമായി ഇന്ത്യ. ന്യൂസീലന്‍ഡിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി. 133 റണ്‍സെന്ന ചെറിയ സ്‌കോറിലേക്ക് ബാറ്റേന്തിയ ഇന്ത്യ 15 പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. കെ.എല്‍ രാഹുലിന്റെ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം കണ്ടത്. എട്ടു റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ എത്തിയപ്പോഴേക്കും ഇന്ത്യക്ക് രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ടു. ആറു പന്തില്‍ എട്ടു റണ്‍സ് അടിച്ച രോഹിതിനെ ടിം സൗത്തി പുറത്താക്കുകയായിരുന്നു. വിരാട് കോലിക്കും ആധികം ആയുസുണ്ടായില്ല. സൗത്തിയുടെ പന്തില്‍ തന്നെ കോലി പുറത്തായി. 11 റണ്‍സായിരുന്നു സമ്പാദ്യം.

പിന്നീട് മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യരും കെ.എല്‍ രാഹുലും ഒത്തുചേരുകയായിരുന്നു. ഇരുവരും 86 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 33 പന്തില്‍ ഒരു ഫോറും മൂന്നു സിക്‌സും സഹിതം ശ്രേയസ് 44 റണ്‍സ് അടിച്ചു. സൗത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് ശിവം ദുബെയും രാഹുലും ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു. രാഹുല്‍ 50 പന്തില്‍ മൂന്നു ഫോറും രണ്ട് സിക്‌സും സഹിതം 57 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് പന്തില്‍ എട്ടു റണ്‍സോടെ ശിവം ദുബെയും ക്രീസിലുണ്ടായിരുന്നു. തുടര്‍ച്ചയായ മൂന്നാം ട്വന്റി20യിലാണ് രാഹുല്‍ അര്‍ധ സെഞ്ചുറി നേടുന്നത്. ട്വന്റി20 കരിയറില്‍ രാഹുലിന്റെ 11ാം അര്‍ധ സെഞ്ചുറി കൂടിയാണിത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസിനായി ഓപ്പണിങ് വിക്കറ്റില്‍ ഗപ്റ്റിലും മണ്‍റോയും 48 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 33 റണ്‍സെടുത്ത ഗപ്റ്റില്‍ പുറത്തായതിന് പിന്നാലെ കിവീസിന് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. കോളിന്‍ മണ്‍റോ 25 പന്തില്‍ 26 റണ്‍സ് നേടി. കെയ്ന്‍ വില്ല്യംസണ്‍ 14 റണ്‍സിന് പുറത്തായപ്പോള്‍ ഗ്രാന്‍ഡ്‌ഹോമിന്റെ സമ്പാദ്യം മൂന്നു റണ്‍സ് മാത്രമായിരുന്നു. 18 റണ്‍സെടുത്ത് റോസ് ടെയ്‌ലറും ക്രീസ് വിട്ടു.

26 പന്തില്‍ 33 റണ്‍സുമായി ടിം സെയ്‌ഫെര്‍ട്ട് പുറത്താകാതെ നിന്നു. അക്കൗണ്ട് തുറക്കാതെ സാന്റ്‌നറും ക്രീസിലുണ്ടായിരുന്നു. ഇന്ത്യക്കായി നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. ശിവം ദുബെയും ജസ്പ്രീത് ബുംറയും ശര്‍ദ്ദുല്‍ ഠാക്കൂറും ഓരോ വിക്കറ്റ് വീതമെടുത്തു. കഴിഞ്ഞ ട്വന്റി20യിലും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പരയില്‍ 2-0ത്തിന് മുന്നിലെത്തി. ആറു വിക്കറ്റിനായിരുന്നു ആദ്യ ട്വന്റി20യില്‍ ഇന്ത്യയുടെ ജയം. അഞ്ചു ട്വന്റി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

pathram:
Related Post
Leave a Comment