ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് പ്രത്യേക നിയമമുണ്ടോ..? പ്രതിഷേധം ഉയരുന്നു

രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് പ്രത്യേക നിയമമുണ്ടോ..? കോഹ്ലിക്കും കൂട്ടര്‍ക്കും എന്താ പ്രത്യേകത..? അങ്ങിനെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്ന് വരുന്നത്.. സംഭവം ഇതാണ്… അമ്പയര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പിച്ചിലെ സുരക്ഷിത മേഖലയിലൂടെ ബാറ്റ്സ്മാന്‍മാര്‍ റണ്ണിനായി ഓടിയാല്‍ എതിര്‍ ടീമിന് അഞ്ചു റണ്‍സ് ലഭിക്കും. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടയില്‍ അങ്ങനെ ഒരു അവസരം ഓസ്ട്രേലിയക്ക് ലഭിക്കുമായിരുന്നു.

ആദ്യം വിരാട് കോലിയും പിന്നീട് രവീന്ദ്ര ജഡേജയും സുരക്ഷിത മേഖലയിലൂടെ ഓടിയിരുന്നു. ജഡേജയ്ക്ക് അമ്പയറുടെ മുന്നറിയിപ്പും ലഭിച്ചു. ഇതു കണ്ട് കമന്റേറ്റര്‍ മൈക്കല്‍ സ്ലാട്ടര്‍ തന്റെ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. ഇതേ പിച്ചില്‍ ഓസ്ട്രേലിയക്ക് ബാറ്റിങ്ങിനിറങ്ങണം എന്നായിരുന്നു സ്ലാട്ടറുടെ കമന്ററി.

എന്നാല്‍ ഓസ്ട്രേലിയക്ക് അഞ്ചു റണ്‍സ് നല്‍കിയില്ല. ഇതിനെതിരേ ഓസീസ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. ഓസ്ട്രേലിയയും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരത്തില്‍ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ സുരക്ഷിത മേഖലയിലൂടെ ഓടിയതിനെ തുടര്‍ന്ന് ന്യൂസീലന്‍ഡിന് അഞ്ചു റണ്‍സ് ലഭിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ രോഷം. വിരാട് കോലിക്കും ഇന്ത്യന്‍ ടീമിനും പ്രത്യേക നിയമമാണോ എന്നാണ് ഇവര്‍ ചോദിക്കുന്നത്.

pathram:
Leave a Comment