അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ഡി.ജി.പി ജേക്കബ് തോമസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിർദേശം. ആഭ്യന്തര വകുപ്പാണ് നിർദേശം നൽകിയത്.
ജനുവരി 31നകം കേസ് അന്വേഷിച്ച് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ക്രൈംബ്രാഞ്ച് തിരുവനന്തപുരം എസ്.പിക്കാണ് അന്വേഷണത്തിന്റെ ചുമതല.
സർവീസിലിരിക്കെ തമിഴ്നാട്ടിൽ ബിനാമി പേരിൽ അനധികൃതമായി ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് ജേക്കബ് തോമസിനെതിരെയുള്ള പരാതി.
കണ്ണൂർ സ്വദേശിയായ സത്യൻ നരവൂർ എന്നയാളാണ് പരാതി നൽകിയത്. ഈ പരാതിയിൽ ക്രൈംബ്രാഞ്ച് നേരത്തെ പ്രാഥമിക അന്വേഷണം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ പരാതി വിശദമായി അന്വേഷിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന് ശുപാർശ നൽകുകയും ചെയ്തിരുന്നു.