കര്‍ണാടക വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്കെന്നു സൂചന. ആരോഗ്യമന്ത്രി ബി. ശ്രീരാമുലുവിലൂടെ ബെല്ലാരി സഹോദരന്മാരും ബി.ജെ.പി നേതൃത്വവുമായി പോര് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. താന്‍ പ്രതിനിധീകരിക്കുന്ന നായക സമുദായത്തില്‍ നിന്നൊരാളെ ഉപമുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ രാജിവെയ്ക്കുമെന്നാണ് ശ്രീരാമുലുവിന്റെ ഭീഷണി. ഇങ്ങനെ ഭീഷണി തുടര്‍ന്നാല്‍ ശ്രീരാമുലുവിന് റെഡ്ഢി സഹോദരന്മാരുടെ ഗതിയായിരിക്കുമെന്നാണ് ബി.ജെ.പി ഇതിനോടു പ്രതികരിച്ചത്.
വ്യാഴാഴ്ച ശ്രീരാമുലു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത് ഇങ്ങനെയായിരുന്നു- ‘അവര്‍ ഞങ്ങളില്‍ ആര്‍ക്കെങ്കിലും ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കട്ടെ. എനിക്കോ, രമേഷ് ജാര്‍ക്കിഹോളിക്കോ അല്ലെങ്കില്‍ നായക സമുദായത്തില്‍ നിന്നുള്ള മറ്റേതെങ്കിലും ഗോത്രവര്‍ഗ നേതാവിനോ. അതല്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്നു രാജിവെയ്ക്കുന്നതിനെക്കുറിച്ചു ഞാന്‍ ഗൗരവമായി ആലോചിക്കും.’
എന്നാല്‍ ഇതുകൊണ്ടും തീര്‍ന്നില്ല ശ്രീരാമുലുവിന്റെ ഭീഷണിയെന്നതാണ് ബി.ജെ.പി നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലിയിലും ഗോത്രവര്‍ഗ വിഭാഗത്തിന് 7.5 ശതമാനം സംവരണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ താന്‍ ഉടന്‍ രാജിവെയ്ക്കുമെന്നാണ് അദ്ദേഹം കഴിഞ്ഞദിവസം പറഞ്ഞത്. രാജിവെയ്ക്കുമെന്ന ഭീഷണി പതിവു രീതിയാണെന്നും ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചാല്‍ റെഡ്ഢി സഹോദരന്മാരുടെ ഗതിയായിരിക്കുമെന്ന് ഓര്‍ത്താല്‍ നല്ലതാണെന്നുമായിരുന്നു കര്‍ണാടക ബി.ജെ.പി വക്താവ് വമന്‍ ആചാര്യയുടെ മറുപടി.ബല്ലാരിയിലെ റെഡ്ഢി സഹോദരന്മാരുടെ ഏറ്റവും അടുത്തയാളാണ് ശ്രീരാമുലു. അനധികൃത ഖനനക്കേസില്‍ ഉള്‍പ്പെട്ട റെഡ്ഢി സഹോദരന്മാരില്‍ ഒരാള്‍ക്ക് ഇത്തവണ മത്സരിക്കാന്‍ സീറ്റ് പോലും ലഭിച്ചിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു ആചാര്യയുടെ പ്രതികരണം.
അതേസമയം റെഡ്ഢി സഹോദരന്മാര്‍ ബി.ജെ.പിയുമായി കോര്‍ക്കാനുള്ള ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീരാമുലുവിനെ ഉപമുഖ്യമന്ത്രിയായി കാണുകയെന്നത് ബല്ലാരിയുടെ ആവശ്യമാണെന്നായിരുന്നു റെഡ്ഢി സഹോദരന്മാരിലെ ജി. സോമശേഖര്‍ റെഡ്ഢി ‘ദ പ്രിന്റി’നോടു പ്രതികരിച്ചത്.
ആവശ്യം നടപ്പായില്ലെങ്കില്‍ നായക സമുദായം ബി.ജെ.പിക്കുള്ള പിന്തുണ പിന്‍വലിക്കുന്ന സൂചനയാണ് റെഡ്ഢി സഹോദരന്മാര്‍ ദേശീയ നേതൃത്വത്തിനു നല്‍കുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്.