പി.വി. സിന്ധു ഹൃദയമില്ലാത്തവള്‍; വിമര്‍ശനവുമായി മുന്‍ കോച്ച്

ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി. സിന്ധുവിനെതിരെ വിമര്‍ശനമുയര്‍ത്തി ദക്ഷിണകൊറിയന്‍ പരിശീലക കിം ജി ഹ്യുന്‍. ഒരു കൊറിയന്‍ യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പി.വി. സിന്ധുവിനെ ‘ഹൃദയമില്ലാത്തവള്‍’ എന്നായിരുന്നു കിം വിശേഷിപ്പിച്ചത്. രാജിവച്ചു നാട്ടിലേക്കു പോകേണ്ടിവന്നപ്പോള്‍ പരിശീലനത്തിന് എന്നു തിരിച്ചുവരുമെന്നു മാത്രമായിരുന്നു സിന്ധുവിന് അറിയാനുണ്ടായിരുന്നതെന്നും കിം ആരോപിച്ചു.

എന്നാല്‍ കിമ്മിന്റെ ആരോപണങ്ങള്‍ക്കു മറുപടിയുമായി സിന്ധുവിന്റെ പിതാവ് രമണ രംഗത്തെത്തി. കിമ്മിന്റെ രോഗത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു രമണയുടെ മറുപടി. കിമ്മിന് എങ്ങനെയുണ്ടെന്ന് ആരും സിന്ധുവിനോടു പറഞ്ഞില്ല. കിം പരിശീലനത്തിന് എത്താതിരുന്നതോടെയാണ് സിന്ധു അവരെ വിളിച്ച് എന്നു തിരികെ വരാന്‍ സാധിക്കുമെന്നു ചോദിച്ചത്. രോഗത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ചു സിന്ധുവിന് അറിയില്ലായിരുന്നു. രോഗത്തെക്കുറിച്ച് അറിഞ്ഞാല്‍ സിന്ധു ആശുപത്രിയിലെത്തില്ലെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? രമണ ചോദിച്ചു.

ലോകചാംപ്യന്‍ഷിപ്പ് നേടിയതിന്റെ പ്രശംസ കിമ്മിന് സിന്ധു നല്‍കിയത് അവര്‍ മറന്നുവെന്നും രമണ പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ചിന്റെ പകുതിയോടെയാണ് കിം സിന്ധുവിനൊപ്പം ചേര്‍ന്നത്. ഓഗസ്റ്റ് വരെ തുടര്‍ന്നു. ലോക ചാംപ്യന്‍ഷിപ്പിന് ഒരാഴ്ച മുന്‍പ് കിമ്മിന് പരിശീലനത്തിനു വരാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സിന്ധു പരിശീലിച്ചത് പുല്ലേല ഗോപീചന്ദിനൊപ്പം. എന്നാല്‍ വിജയത്തിനു ശേഷം കിമ്മിന്റെ സംഭാവനകളെക്കുറിച്ചു പറയാന്‍ സിന്ധു മറന്നില്ല. ഇങ്ങനെയൊരു കാര്യം നടന്നതില്‍ ഏറെ സങ്കടമുണ്ട് രമണ പറഞ്ഞു.

pathram:
Related Post
Leave a Comment