ഒറ്റയ്ക്ക് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ വരേണ്ട; മുന്നറിയിപ്പുമായി പൊലീസ്

ഹൈദരാബാദ്: രാജ്യമെങ്ങും ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷത്തിനായി ഒരുങ്ങുകയാണ്. ഇതിനിടെ കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളാണ് പൊലീസ് മുന്നോട്ട് വയ്ക്കുന്നത്. പുതുവര്‍ഷ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ തനിയെ വരുന്നവരെ പ്രവേശിപ്പിക്കരുതെന്ന നിര്‍ദേശവുമായി ഹൈദരാബാദ് പൊലീസ്. തനിയെ വരുന്ന സ്ത്രീ, പുരുഷ പാര്‍ട്ടി പ്രേമിയെ പ്രവേശിപ്പിക്കരുതെന്നാണ് നിര്‍ദേശം. ഈ നിബന്ധന അനുസരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് മാത്രമാണ് പുതുവര്‍ഷ പാര്‍ട്ടികള്‍ നടത്താന്‍ അനുമതിയെന്നും പൊലീസ് വ്യക്തമാക്കി.

പുതുവര്‍ഷ പാര്‍ട്ടികള്‍ നടക്കുന്ന ഹൈദരബാദിലെ പബ്ബുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മറ്റ് സ്വകാര്യ പാര്‍ട്ടികള്‍ക്കും നിര്‍ദേശം ബാധകമാണ്. റാച്ചകൊണ്ട പൊലീസാണ് നിര്‍ദേശം പുറത്തിറക്കിയിട്ടുള്ളത്. പുതുവര്‍ഷ രാവില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങളില്‍ പെടുന്നതും അപകടങ്ങള്‍ ഉണ്ടാക്കുന്നതും തടയാനാണ് പൊലീസിന്റെ കര്‍ശന നടപടികള്‍. പാര്‍ട്ടിയില്‍ ഉപയോഗിക്കുന്ന ലൗഡ് സ്പീക്കറുകള്‍ക്ക് 45 ഡെസിബെല്ലില്‍ കൂടുതല്‍ ശബ്ദം പാടില്ലെന്നും പൊലീസ് വ്യക്തമാക്കി.

പുതുവര്‍ഷ രാവില്‍ മദ്യപിച്ച് പിടികൂടിയാല്‍ 10000 പിഴയും ആറുമാസം തടവും ലഭിക്കുമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസമോ അതിലധികം സമയത്തേക്കോ സസ്‌പെന്‍ഡ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. രക്തത്തില്‍ അനുവദനീയമായ ആല്‍ക്കഹോളിന്റെ അംശത്തെക്കുറിച്ചും പൊലീസ് നിര്‍ദേശം വ്യക്തമാക്കുന്നു. 100 മില്ലി രക്തത്തില്‍ 30 മില്ലി ആല്‍ക്കഹോളിന് അധികം വന്നാല്‍ മദ്യപിച്ച് വാഹനമോടിച്ചതായി കണക്കാക്കും. മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ വാഹനം പിടിച്ചെടുക്കും ഇത് വിട്ട് കിട്ടാന്‍ മജിസ്‌ട്രേറ്റിന്റെ അനുമതി വേണം. നഗരത്തിന് പുറത്തും അകത്തും വേഗപരിധി ലംഘിക്കുന്നവര്‍ക്ക് നേരെയും കര്‍ശന നടപടി സ്വീകരിക്കും.

നക്ഷത്ര ഹോട്ടലുകളിലും സ്വകാര്യ റിസോര്‍ട്ടുകളിലും ഹുക്ക, ലഹരിമരുന്ന് എന്നിവ ഉപയോഗിക്കുന്നുണ്ടോയെന്ന് കര്‍ശനമായി നിരീക്ഷിക്കും. രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ 1 മണി വരെ മാത്രമാണ് പാര്‍ട്ടികള്‍ക്ക് അനുമതി. എത്ര ആളുകളെ പാര്‍ട്ടികളില്‍ പങ്കെടുപ്പിക്കുമെന്നത് പാര്‍ട്ടി നടത്തുന്നവര്‍ ആദ്യമേ വ്യക്തമാക്കണം. ചൂതാട്ടവും ബെറ്റിംങും നടത്തിയാല്‍ കര്‍ശന ശിക്ഷാ നടപടികള്‍ ഉണ്ടാവും. രാത്രി 11 മുതല്‍ രാവിലെ 5 വരെ ഫ്‌ലൈ ഓവറുകള്‍ അടക്കുമെന്നും ഹൈദരാബാദ് പൊലീസ് വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular