ജയസൂര്യയുടെ 22 വര്‍ഷം പഴക്കമുള്ള ആ റെക്കോര്‍ഡും തകര്‍ത്ത് രോഹിത്തിന്റെ കുതിപ്പ്

ഫോമായാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല എന്നു വെറുതേ പറയുന്നതല്ല. എതിരാളികള്‍ നന്നായി വിയര്‍ക്കും നമ്മുടെ ഹിറ്റ്മാനെ തളയ്ക്കാന്‍. ഇപ്പോള്‍ ഫോമിന്റെ പാരമ്യത്തിലാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. അതിന്റെ ചൂട് നന്നായി അറിയുന്നുണ്ട് എതിര്‍ടീം. ഈ വര്‍ഷം നിരവധി റെക്കോഡുകള്‍ താരം സ്വന്തം പേരില്‍ ചേര്‍ത്തു. അക്കൂട്ടത്തിലേക്ക് മറ്റൊന്ന് കൂടി. ഇത്തവണ മറികടന്നത് മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയുടെ 22 വര്‍ഷം പഴക്കമുള്ള റെക്കോഡ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഓപ്പണറെന്ന റെക്കോഡാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനെ തേടിയെത്തിയത്.

ജയസൂര്യ 1997 വര്‍ഷത്തില്‍ നേടിയ 2387 റണ്‍സാണ് രോഹിത് കട്ടക്കില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിനത്തില്‍ മറികടന്നത്. മത്സരത്തിന് മുമ്പ് ഒമ്പത് റണ്‍സ് മാത്രമായിരുന്നു റെക്കോഡ് മറികടക്കാന്‍ രോഹിത്തിന് വേണ്ടിയിരുന്നത്. വിരേന്ദര്‍ സെവാഗ് (2355 റണ്‍സ്- 2008), മാത്യൂ ഹെയ്ഡന്‍ (2349 റണ്‍സ്- 2003), സയ്യിദ് അന്‍വര്‍ (2296 റണ്‍സ്- 1996) എന്നിവരും രോഹിത്തിന് പിന്നിലായി.

കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിയോടെ (159) ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന് റെക്കോഡും രോഹിത് സ്വന്തം പേരിലാക്കിയിരുന്നു. സീസണില്‍ ഏഴ് ഏകദിന സെഞ്ചുറികളാണ് രോഹിത് നേടിയത്.

കടപ്പാട്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എഫ്ബി പേജ്‌

pathram:
Related Post
Leave a Comment