ഗാംഗുലിയെ എതിര്‍ക്കാന്‍ ആരുമില്ല

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (ബിസിസിഐ) അധ്യക്ഷനാകുമെന്ന് ഉറപ്പായി. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം പൂര്‍ത്തിയാകുമ്പോള്‍ ഗാംഗുലി മാത്രമാണ് മത്സര രംഗത്തുള്ളത്. ബിസിസിഐയുടെ മുംബൈയിലെ ഓഫിസില്‍ നേരിട്ടെത്തിയാണ് ഗാംഗുലി പത്രിക സമര്‍പ്പിച്ചത്. ബിസിസിഐ മുന്‍ പ്രസിഡന്റുമാരായ എന്‍. ശ്രീനിവാസന്‍, നിരഞ്ജന്‍ ഷാ, മുന്‍ ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല തുടങ്ങിയവര്‍ക്കൊപ്പമാണ് ഗാംഗുലി പത്രിക നല്‍കാനെത്തിയത്.

സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കും എതിരാളികളില്ല. കേന്ദ്രമന്ത്രി കൂടിയായ മുന്‍ ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് താക്കൂറിന്റെ സഹോദരന്‍ അരുണ്‍ സിങ് ധൂമല്‍ (ട്രഷറര്‍), കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് (ജോയിന്റ് സെക്രട്ടറി) എന്നിവര്‍ക്കും എതിരാളികളില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിക്കൊപ്പം പറഞ്ഞുകേട്ടിരുന്ന കര്‍ണാടകയുടെ പ്രതിനിധി ബ്രിജേഷ് പട്ടേല്‍ ഐപിഎല്‍ ചെയര്‍മാനാകും.

ബിസിസിഐ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വിവിധ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ചേര്‍ന്ന് സമവായത്തിലെത്തിയ സാഹചര്യത്തിലാണ് ഓരോരുത്തര്‍ മാത്രം പത്രിക നല്‍കിയത്. ഈ മാസം 23ന് നടക്കുന്ന ബിസിസിഐ ജനറല്‍ ബോഡി യോഗത്തിലാണ് ബിസിസിഐയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ പോസ്റ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. ഇവര്‍ക്കു പുറമെ പുരുഷ, വനിതാ ടീമുകളുടെ ഓരോ പ്രതിനിധികള്‍, ഐപിഎല്‍ ഭരണസമിതി പ്രതിനിധി, ഒരു കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി എന്നിവര്‍ കൂടി ഉള്‍പ്പെടുന്നതാണ് പുതിയ ബിസിസിഐ ഭരണസമിതി.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment