കൊച്ചി: ഓര്‍ത്തഡോക്സ്-യാക്കോബായ വിശ്വാസികള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളിയുടെ നിയന്ത്രണം എറണാകുളം ജില്ലാ കളക്ടര്‍ എസ്.സുഹാസ് ഏറ്റെടുത്തു. പള്ളി പൂട്ടി താക്കോല്‍ നാളെ ഹൈക്കോടതിക്ക് കൈമാറുമെന്ന് കളക്ടര്‍ അറിയിച്ചു. ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും കോടതി നിര്‍ദേശമനുസരിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും കളക്ടര്‍ പറഞ്ഞു.
കളക്ടറുമായി ചര്‍ച്ച നടത്തിയ ശേഷം യാക്കോബായ വിശ്വാസികളും മെത്രാന്മാരുടമക്കമുള്ളവര്‍ അറസ്റ്റ് വരിക്കുകയായിരുന്നു. കനത്ത പ്രതിഷേധം മറികടന്നാണ് പോലീസ് പള്ളിയില്‍ പ്രവേശിച്ചത്.
യാക്കോബായ വിഭാഗക്കാരെ ഇന്ന് തന്നെ പൂര്‍ണമായി ഒഴിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി ജില്ലാ കളക്ടര്‍ ഏറ്റെടുക്കണമെന്നും സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ണായക നിര്‍ദേശം നല്‍കിയത്.