ബിഎസ്എന്‍എലില്‍ ഇനി 4ജി ലഭിക്കും

ബി.എസ്.എന്‍.എല്ലിന് 4ജി സ്‌പെക്ട്രം നിഷേധിച്ചിരുന്നതിന് ഉയര്‍ത്തിക്കാട്ടിയിരുന്ന നിയമതടസ്സം മാറി. ലേലത്തിലൂടെ അല്ലാതെ സ്‌പെക്ട്രം അനുവദിക്കരുതെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബി.എസ്.എന്‍.എല്ലിന് 4ജി സ്‌പെക്ട്രം നിഷേധിക്കരുതെന്ന് സോളിസിറ്റര്‍ ജനറല്‍ ടെലികോം വകുപ്പിന് ഉപദേശം നല്‍കി. ഇനി കേന്ദ്രമന്ത്രിസഭയ്ക്ക് സ്‌പെക്ട്രം അനുവദിക്കുന്നതില്‍ തീരുമാനമെടുക്കാം.

2012-ല്‍ 2ജി സ്‌പെക്ട്രം അഴിമതി ഉണ്ടായപ്പോഴാണ് കോടതി ഇടപെട്ടത്. സ്‌പെക്ട്രം ലേലത്തിലൂടെ അല്ലാതെ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കരുതെന്നായിരുന്നു ഉത്തരവ്.

സ്വകാര്യ കമ്പനികളുമായി ലേലത്തില്‍ മത്സരിക്കാന്‍ ധനസ്ഥിതിയിലെ മോശം അവസ്ഥകാരണം ബി.എസ്.എന്‍.എല്ലിന് കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് 4ജി അനുവദിക്കുന്നത് നീണ്ടുപോയി.

ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അമിത്ഷാ, നിര്‍മലാ സീതാരാമന്‍, രവിശങ്കര്‍പ്രസാദ് എന്നീ മന്ത്രിമാരടങ്ങിയ സമിതി തയ്യാറാക്കിയ പുനരുദ്ധാരണപാക്കേജില്‍ 4ജി അനുവദിക്കാമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു. അതിന്റെ തുക സര്‍ക്കാര്‍ അനുവദിക്കാമെന്നും വ്യവസ്ഥവെച്ചു. എന്നാല്‍, ഈ സമയത്താണ് നിയമതടസ്സമുണ്ടെന്നത് ചൂണ്ടിക്കാണിക്കപ്പെട്ടത്. അതോടെ സ്‌പെക്ട്രം അനുവദിക്കുന്നതിലെ താത്പര്യം തണുത്തു.

ഈ ഘട്ടത്തിലാണ് മന്ത്രിതലസമിതി തന്നെ സോളിസിറ്റര്‍ ജനറലിന്റെ അഭിപ്രായം തേടിയത്. സ്‌പെക്ട്രം അനുവദിക്കാന്‍ ഇനി മന്ത്രിസഭാതീരുമാനം മാത്രം മതി.

സ്‌പെക്ട്രം അനുവദിച്ചാലും അത് പ്രാവര്‍ത്തികമാക്കാന്‍ 10,000 കോടി രൂപയെങ്കിലും ബി.എസ്.എന്‍.എല്‍. കണ്ടെത്തണം. അടിസ്ഥാനസൗകര്യങ്ങളും ഉപകരണങ്ങളും വാങ്ങാനാണിത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7