257 റണ്‍സ് ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ 257 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒന്നാം ടെസ്റ്റില്‍ 318 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയത് 416 റണ്‍സ്. മറുപടിയായി വിന്‍ഡീസിന് 117 റണ്‍സ് മാത്രമാണ് നേടാനാനായത്. 299 റണ്‍സിന്റെ ഒന്നാമിന്നിങ്സ് ലീഡോടെ രണ്ടാമിന്നിങ്സിന് ഇറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. ജയിക്കാന്‍ 468 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസ് 210 റണ്‍സിന് ഓള്‍ഓട്ടായി.

119 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത ബ്രൂക്സാണ് ടോപ് സ്‌കോറര്‍. ഹോള്‍ഡര്‍ 39 ഉം പരിക്കേറ്റ് പിന്‍വാങ്ങിയ ബ്രാവോ 23 ഉം ബ്രാവോയുടെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായ ബ്ലാക്ക്വുഡ് 38 ഉം റണ്‍സെടുത്തു. രണ്ടിന് 45 റണ്‍സ് എന്ന മൂന്നാം ദിവസം കളിയാരംഭിച്ച വിന്‍ഡീസിന് ബ്രൂക്സും ബ്ലാക്ക്വുഡും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 61 റണ്‍സിന്റെ കൂട്ടുകെട്ട് ചെറിയ പ്രതീക്ഷ നല്‍കിയിരുന്നെങ്കിലും പിന്നീട് ക്ഷണത്തില്‍ നിലംപൊത്തി.

ഇന്ത്യന്‍ ബൗളര്‍മാരുടെ സമ്പൂര്‍ണാധിപത്യമാണ് രണ്ടാമിന്നിങ്സില്‍ കണ്ടത്. മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതവും ഇശാന്ത് ശര്‍മ രണ്ട് വിക്കറ്റും വീഴ്ത്തി. ഒന്നാമിന്നിങ്സിലെ ബൗളിങ് ഹീറോ ജസ്പ്രീത് ഭൂംറ ഒരു വിക്കറ്റ് വീഴ്ത്തി. ഒന്നാമിന്നിങ്സില്‍ സെഞ്ചുറിയും (111) രണ്ടാമിന്നിങ്സില്‍ അര്‍ധസെഞ്ചുറിയും (53) നേടിയ ഹനുമ വിഹാരിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

ഈ ജയത്തോടെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലിക്ക് സ്വന്തമായിരിക്കുകയാണ്. കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യയുടെ 28-ാം ടെസ്റ്റ് വിജയമായിരുന്നു ഇത്. 27 ടെസ്റ്റ് ജയം സ്വന്തമായ എം.എസ്.ധോനിയുടെ റെക്കോഡാണ് കോലി മറികടന്നത്.

ഈ ജയത്തില്‍ നിന്ന് 120 പോയിന്റ് സ്വന്തമക്കിയ ഇന്ത്യ 3631 പോയിന്റോടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതായി.

pathram:
Related Post
Leave a Comment